ജോ ബൈഡനും കമലയും അധികാരമേറ്റു

0

അമേരിക്കയുടെ 46ാമത് പ്രസിഡണ്ടായി ജോ ബൈഡന്‍ അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്ട്‌സ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡണ്ടായും ചുമതലയേറ്റു. ലാറ്റിനമേരിക്കന്‍ വംശജയായ സുപ്രീംകോടതി ജഡ്ജി സോണിയ സൊറ്റോമേയര്‍ ആണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തത്. അമേരിക്കന്‍ വൈസ് പ്രസിഡണ്ടാവുന്ന ആദ്യ വനിതയും കറുത്ത വര്‍ഗക്കാരിയും ഏഷ്യക്കാരിയും കമലയാണ്.

പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ ദേശീയഗാനം ആലപിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങിനായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിന് മുന്‍പേ വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങി. ഫ്‌ളോറിഡയിലെ ഫാം ഹൗസിലേക്കാണ് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പ്രസിഡണ്ടിനെ സ്വീകരിക്കാതെ, ചടങ്ങിന് നില്‍ക്കാതെ പോകുന്ന ആദ്യ പ്രസിഡണ്ടാണ് ട്രംപ്.