വാളയാർ കേസ്: 2 പ്രതികളെ റിമാൻഡ് ചെയ്തു

0

വാളയാർ കേസിലെ രണ്ടു പ്രതികളെ പാലക്കാട് പോക്സോ കോടതി റിമാന്‍റ് ചെയ്തു. മുഖ്യ പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് കോടതി റിമാന്‍റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി എം മധുവിന്  ഹൈക്കോടതി അനുവദിച്ച ജാമ്യം തുടരും.
വാളയാർ കേസിലെ പുനർവിചാരണ നടപടികൾക്കാണ് ഇന്ന് തുടക്കമായത്.

ഹൈക്കോടതി നിർദ്ദേശപ്രകാരം പാലക്കാട് പോക്സോ കോടതിയിൽ ഹാജരായ വി മധു, ഷിബു എന്നിവരെ ജനുവരി 22 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് നടപടി.

പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും അല്ലെങ്കിൽ തുടരന്വേഷണത്തിൽ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് നടപടി. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതി ജനുവരി 22 ന് പരിഗണിയ്ക്കും. ഇപ്പോഴത്തെ കോടതി നടപടികൾ പ്രതീക്ഷിച്ചതാണെന്നും കേസിൽ സിബിഐ അന്വേഷണമാണ് വേണ്ടതെന്നും സമരസമിതി ആവശ്യപ്പെട്ടു.

തുടരന്വേഷണത്തിന്  അനുമതി ലഭിച്ചാൽ തുടർനടപടികളുമായി മുന്നോട്ട് പോവുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ജാമ്യത്തിൽ തുടരുന്ന എം മധുവിൻ്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിയ്ക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.