ബാർ കോഴക്കേസിൽ ഉടമ ബിജു രമേശിന് തിരിച്ചടി

0

ബാർ കോഴക്കേസിൽ ബാർ ഹോട്ടൽ ഉടമ ബിജു രമേശിന് കോടതിയിൽ നിന്ന് തിരിച്ചടി.  തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാജ സി.ഡി ഹാജരാക്കിയ കേസിലാണ് നടപടി.  ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേഷിനെതിരായ പരാതിയില്‍ മജിസ്‌ട്രേറ്റ് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. അഭിഭാഷകനായ ശ്രീജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ബിജു രമേശ് തെളിവായി ഹാജരാക്കിയ സി ഡി എഡിറ്റ് ചെയ്തതാണെന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വ്യാജ തെളിവാണ് രഹസ്യ മൊഴിയോടൊപ്പം മജിസ്ട്രേറ്റിന് കൈമാറിയത്. ഇത് കോടതിയെ കബളിപ്പിക്കലാണെന്നും കേസ് എടുത്ത് അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരൻ്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയെങ്കിലും വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ നടപടി പിന്‍വലിച്ച് ഹര്‍ജി സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെടണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിച്ചു. ഐ.പി.സി. 193 വകുപ്പ് പ്രകാരമാണ് ശ്രീജിത്ത് ഹര്‍ജി നൽകിയത്. കോടതി മുന്‍പാകെ കള്ളസാക്ഷി പറഞ്ഞതിന് അല്ലെങ്കില്‍ കള്ളത്തെളിവ് ഹാജരാക്കിയതിന് നടപടി ആവശ്യപ്പെടുന്നതാണ് ബിജു രമേശിന് എതിരായ ഹര്‍ജി.