രാജ്യത്ത് കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാവിലെ പത്തരക്ക് ഉദ്ഘാടനം ചെയ്യും. വാക്സിൻ സ്വീകരിക്കുന്നവരുമായി പ്രധാനമന്ത്രി ഓൺലൈനിൽ സംവദിക്കും. തുടര്‍ന്ന് വാക്സിനേഷൻ വിശദാംശങ്ങൾ അടങ്ങിയ കൊവിൻ ആപ്പും പുറത്തിറക്കും.
സംസ്ഥാനത്തും ഇന്ന് തന്നെ വാക്സിനേഷൻ ആരംഭിക്കും. സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ വ്യക്തമാക്കി. 133 കുത്തിവെയ്പ്പ് കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും മറ്റു ജില്ലകളിൽ ഒമ്പതുകേന്ദ്രങ്ങൾ വീതവുമാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലകളിലെ ഒരുക്കങ്ങള്‍ അന്തിമമായി വിലയിരുത്തുന്നതിന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ശനിയാഴ്ചത്തെ നടപടികൾ വിലയിരുത്തി തിങ്കളാഴ്ചമുതൽ കുത്തിവെപ്പ് തുടരും. എല്ലാ ജില്ലകളിലേയും കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.
വാക്സിനേഷൻ നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ടൂ വേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.
ഓരോരുത്തർക്കും 0.5 എം.എൽ. കോവിഷീൽഡ് വാക്സിനാണു കുത്തിവെക്കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് രണ്ടാമത്തേത്. രജിസ്റ്റർചെയ്തവർക്ക് എവിടെയാണ് വാക്സിൻ എടുക്കാൻപോകേണ്ടതെന്ന വിവരം എസ്.എം.എസ് ആയി ലഭിക്കും.
വാക്സിൻ എടുത്താൽ 30 മിനിറ്റ് നിരീക്ഷണത്തിലിരിക്കണം. വാക്സിനേഷൻകേന്ദ്രത്തിൽ ഡോക്ടറുടെ സേവനമുണ്ടാകും. അടിയന്തര ചികിത്സയ്ക്കായി എല്ലാകേന്ദ്രങ്ങളിലും അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോവിങ് ഇമ്യൂണൈസേഷൻ (എ.ഇ.എഫ്.ഐ.) കിറ്റുണ്ടാകും.