കോവിഡ് മഹാമാരി ജനങ്ങളെ അവരുടെ കുടുംബങ്ങളില്‍നിന്ന് അകറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മക്കളെ കാണാനാകാതെ അമ്മമാര്‍ കരഞ്ഞു. ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന മാതാപിതാക്കളെ കാണാന്‍ മക്കള്‍ക്ക് സാധിച്ചില്ല. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി യഥാവിധി മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ പോലും സാധിച്ചില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പറയുമ്പോള്‍ പ്രധാനമന്ത്രി വികാരാധീനനായി.
രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഉദ്ഘാടനം.
വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു . ഇപ്പോള്‍ അത് ലഭ്യമായിരിക്കുന്നു. ഈ അവസരത്തില്‍ എല്ലാ പൗരന്മാരെയും താന്‍ അഭിനന്ദിക്കുകയാണ്. കൊറോണ വൈറസ് വാക്‌സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കുകയാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ട്. സാധാരണയായി ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് മേയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ തയാറായിക്കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്‌സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
വാക്‌സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം മാസ്‌ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിന് ശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നത്. ചരിത്രത്തില്‍ ഇതുവരെ ഇത്രയും വലിയതോതില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടില്ല. മൂന്നുകോടിയില്‍ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ മാത്രം മൂന്നുകോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇത് മുപ്പതു കോടി ആക്കേണ്ടതുണ്ട്.
ഇന്ത്യന്‍ വാക്‌സിന്‍ ഏറ്റവും ചെലവു കുറഞ്ഞതും ലോകത്തിലെ ഏറ്റവും മികച്ചതുമാണ്. കോവിഡിന് എതിരായ പോരാട്ടം രാജ്യത്തിൻ്റെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വര്‍ധിപ്പിച്ചു. നമ്മുടെ ആത്മവിശ്വാസം ദുര്‍ബലമാകാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്.