മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുന്നേറുകയാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ മുന്നണികൾ. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ആരെന്ന് കാത്തിരിക്കുമ്പോള്‍ സ്ഥാനാര്‍ഥിയുമായി മുന്നേറുകയാണ് എന്‍ഡിഎ.
യുഡിഎഫില്‍ സ്ഥാനാര്‍ഥിയാരാണെന്നതില്‍ തര്‍ക്കം രൂക്ഷമാണ്. മുന്നണി മര്യാദയുടെ പേരില്‍ സീറ്റിന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശം ഉന്നയിക്കുമ്പോള്‍ വിട്ടുകൊടുക്കില്ല എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. നിലവില്‍ കേരള കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടന്‍ സീറ്റ് ഉറപ്പിച്ച മട്ടിലാണെങ്കിലും ഡിസിസി ജനറല്‍ സെക്രട്ടറി എം എസ് അനില്‍കുമാറിനായി കോണ്‍ഗ്രസ് ശക്തമായി രംഗത്തുണ്ട്.
എല്‍ഡിഎഫില്‍ സീറ്റ് ചര്‍ച്ച പുരോഗമിക്കുകയാണ്. കൂടല്‍മാണിക്യം ക്ഷേത്രത്തെ നയിച്ച പ്രദീപ് മേനോന്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ സിഎംപിയില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ എം കെ കണ്ണനാകും സ്ഥാനാര്‍ഥി എന്നതാണ് പുതിയ വാര്‍ത്ത. ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫിൻ്റെ പേരും സജീവമാണ്.
നിലിവില്‍ തര്‍ക്കങ്ങളില്ലാതെയാണ് എന്‍ഡിഎയിലെ പ്രവര്‍ത്തനം. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡണ്ട് കൂടിയായ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാകുളം സ്ഥാനാര്‍ഥിയാകും എന്നതാണ് നിലവിലെ സ്ഥിതി. പ്രമുഖ വ്യാപാരിയും സാമൂഹ്യ സേവന രംഗത്തെ പ്രശസ്തനുമാണ് സന്തോഷ്. മികച്ച സംഘാടകന്‍ എന്നറിയപ്പെടുന്ന സന്തോഷ് ചെറാകുളത്തിൻ്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുട നഗരസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയത്.
മുന്‍ ഡിജിപി ജേക്കബ് തോമസിൻ്റെ പേര് എന്‍ഡിഎ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും ബിജെപിയും എന്‍ഡിഎയും സന്തോഷിനായുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയാണ്. കാരണം ഇക്കുറി എന്‍ഡിഎ ഇരിങ്ങാലക്കുടയില്‍ മത്സരിക്കുന്നത് വിജയിക്കാനായി മാത്രമാണ്. സന്തോഷ് ചെറാകുളം എന്ന ജനകീയ സ്ഥാനാര്‍ഥി നിയമസഭയില്‍ എത്തും എന്ന ഉറപ്പാണ് എന്‍ഡിഎക്ക്.