കരാർ അല്ലെങ്കിൽ കോർപ്പറേറ്റ് കൃഷിയിൽ പ്രവേശിക്കാൻ പദ്ധതിയില്ലെന്നും കർഷകരെ ശാക്തീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ). കോർപ്പറേറ്റ് അല്ലെങ്കിൽ കരാർ കൃഷിക്കായി ഒരിക്കലും കാർഷിക ഭൂമി വാങ്ങിയിട്ടില്ല. ഇനി വാങ്ങാൻ പദ്ധതിയുമില്ല.
തങ്ങളുടെ സബ്സിഡിയറിയായ റിലയൻസ് റീട്ടെയിൽ കർഷകരിൽ നിന്ന് നേരിട്ട് ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നില്ല. “സർക്കാർ നിശ്ചയിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന താങ്ങുവില (എംഎസ്‌പി) സംവിധാനം, അല്ലെങ്കിൽ കാർഷികോൽപ്പന്നങ്ങളുടെ ലാഭകരമായ പ്രതിഫല വിലയ്‌ക്കുള്ള മറ്റേതെങ്കിലും സംവിധാനം എന്നിവ കർശനമായി പാലിക്കാൻ ഞങ്ങളുടെ വിതരണക്കാരോട് നിർബന്ധം പിടിക്കും.
കർഷകരിൽ നിന്ന് അന്യായമായ നേട്ടം നേടുന്നതിനായി ഒരിക്കലും ദീർഘകാല സംഭരണ കരാറുകളിൽ കമ്പനി ഏർപ്പെട്ടിട്ടില്ല. വിതരണക്കാർ ന്യായമായ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് കർഷകരിൽ നിന്ന് വാങ്ങാൻ ശ്രമിച്ചിട്ടില്ല. ഇനി ചെയ്യുകയും ഇല്ല.
കാർഷിക ഉൽപ്പന്നങ്ങൾക്കും ചരക്കുകൾക്കുമായി വിപണി ഉദാരവൽക്കരിക്കാൻ ശ്രമിക്കുന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ സമീപ ദിനങ്ങളിൽ 500 ഓളം മൊബൈൽ ടവറുകളും ടെലികോം ഉത്പന്നങ്ങളും പഞ്ചാബിൽ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ടവറുകൾ നശിപ്പിച്ചതിനെതിരെ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ട്. തങ്ങളുടെ ജീവനക്കാരെയും സ്വത്തുക്കളെയും നശീകരണ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ചില നിക്ഷിപ്ത താൽപ്പര്യക്കാരും ബിസിനസ്സ് എതിരാളികളുമാണ് അക്രമത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു.
നവംബറിൽ ചില കർഷകർ പഞ്ചാബിന്റെ ചില ഭാഗങ്ങളിലുള്ള റിലയൻസ് ഫ്രഷ് സ്റ്റോറുകൾ അടപ്പിച്ചിരുന്നു. പുതിയ നിയമങ്ങൾ കോർപ്പറേറ്റ് ചൂഷണത്തിന് വഴിയൊരുക്കുമെന്നും അവരുടെ സ്ഥാപനങ്ങൾ വൻകിട സ്ഥാപനങ്ങൾ തട്ടിയെടുക്കുമെന്നും ചില കർഷകർ ഭയപ്പെടുന്നു.