നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കേരളത്തിൽ നിന്നുള്ള എം.പിമാരുടെ നീക്കത്തിന് തടയിട്ട് കോൺഗ്രസ് ഹൈക്കമാൻഡ്. എംപിമാർ രാജിവച്ച് മത്സരരംഗത്തിറങ്ങുന്നതിനോടു യോജിപ്പില്ലെന്ന് നേതൃത്വം അറിയിച്ചു. ജയസാധ്യത കണക്കിലെടുത്ത് ഏതാനും എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവിൽ പരിഗണനയിലില്ല. ഇക്കാര്യം കേരളത്തിലെ പാർട്ടി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 52 സീറ്റ് മാത്രമാണ് കോൺഗ്രസിനുള്ളത്. ഈ സാഹചര്യത്തിൽ എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാകില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറയുന്നു. കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാൾ, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇതേ നിലപാടാകും ദേശീയ നേതൃത്വം സ്വീകരിക്കുക.