സ്വര്‍ണകള്ളക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്‌ന സുരേഷുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പക്ഷേ അവരുടെ പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. ഇക്കാര്യം നേരത്തെ അറിയേണ്ടതായിരുന്നു. അതില്‍ പിശക് പറ്റിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണ് താന്‍ എന്ന അഭിപ്രായം ഇല്ല. എന്നാല്‍ ഊഹാപോഹം വെച്ച് ഭരണഘടന സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. തന്റെ വിദേശ യാത്രകളില്‍ ഒരു തരത്തിലുള്ള സഹായവും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ നിന്ന് ലഭിച്ചിട്ടില്ല. വിദേശത്ത് വച്ച് അവരുമായി കൂടിക്കാഴ്ചകളും നടത്തിയിട്ടില്ല.
സ്പീക്കറെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം സുതാര്യമാണ്. ആധുനികവത്ക്കരണത്തിനും ആവശ്യത്തിനുമാണ് ചെലവുകള്‍ നടത്തിയിട്ടുള്ളത്. ഊരാളുങ്കലിനെ പ്രവര്‍ത്തി ഏല്‍പ്പിച്ചത് അവരുടെ മികവ് കണ്ടുകൊണ്ടാണ്. ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.