അക്കങ്ങളോടും അക്ഷരങ്ങളോടും ഒരേ സമയം പ്രണയവുമായി ഒരു ബാങ്ക് മാനേജര്‍. ബാങ്കിങ്ങ് മേഖലയില്‍ തൻ്റെ ബ്രില്യന്‍സുമായി മുന്നേറുമ്പോഴാണ് അക്ഷര പുണ്യവും നുകരാന്‍ ഇദ്ദേഹം സമയം കണ്ടെത്തുന്നത്. കാനറ ബാങ്കിൻ്റെ തൃശൂര്‍ പൂങ്കുന്നം ശാഖയിലെ സീനിയര്‍ മാനേജര്‍ അനില്‍കുമാർ പി ടി ആണ് രണ്ട് മേഖയില്‍ ഒരേ പ്രഗത്ഭ്യം തെളിയിക്കുന്നത്.
അനില്‍ പി ടി മണ്ണാര്‍ക്കാട് …
ഈ പേര് അക്ഷര ലോകത്തെ കൂട്ടായ്മകളില്‍ സജീവമാണ്. അക്ഷരങ്ങളെ പ്രണയിച്ച് വാക്കുകളും വരികളും വിരിയിക്കുമ്പോഴും പുസ്തക രൂപത്തിലാക്കാനുള്ള മടിയായിരുന്നു അദ്ദേഹത്തിൻ്റെ മറ്റൊരു കൂടപ്പിറപ്പ്. ഇപ്പോള്‍ തൃശൂരിലെ ധാന്‍ പബ്ലിക്കേഷന്‍സും ഓണ്‍ലൈന്‍ വാര്‍ത്താ പത്രമായ മലയാളിഡസ്‌ക്കും ചേര്‍ന്ന് അനിലിൻ്റെ പുതിയ പുസ്തകം ഇറക്കുകയാണ്.
കടുകുമണികള്‍ എന്ന മനോഹരമായ കുട്ടിക്കഥകളുടെ സമാഹാരം.
പ്രശ്‌സത സാഹിത്യകാരനായ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
ബംഗളുരുവില്‍ കനറാ ബാങ്കിൻ്റെ ഐടി വിഭാഗത്തിലാണ് ആദ്യം ജോലിക്ക് കയറിയത്. അപ്പോഴും അക്ഷരങ്ങളോടുള്ള കൂട്ട് തുടര്‍ന്നു. അനിലിൻ്റെ കഥകള്‍ ഐടി മേഖലയില്‍ പ്രശസ്തമാവാന്‍ അധികം താമസിച്ചില്ല. അനില്‍ ബംഗളുരുവിലെ സാഹിത്യകാരനായ ബാങ്ക് ഉദ്യോഗസ്ഥനായി. 2006 മുതല്‍ ബ്ലോഗെഴുത്തും തുടങ്ങി. ബംഗളുരു മേഖലയിലേയും ഐടി മേഖലയിലേയും പ്രസിദ്ധീകരണങ്ങളിലും കൂട്ടായ്മകളിലും ഇദ്ദേഹത്തിൻ്റെ രചനകള്‍ അവിഭാജ്യ ഘടകമായി.
പരന്ന വായനയുള്ള ഇദ്ദേഹത്തിന് സ്വന്തമായി വലിയ പുസ്തക ശേഖരമുണ്ട്. വിദ്യാഭ്യാസ മേഖലയിലും മുന്നോട്ട് തന്നെയാണ്. ഇപ്പോള്‍ ഇഗ്‌നോയില്‍ എംബിഎ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സില്‍ നിന്നും നിരവധി സര്‍ട്ടിഫിക്കേഷന്‍ ചെയ്തിട്ടുണ്ട്. ഐടി, ഇൻ്റർനാഷണല്‍ ബാങ്കിംഗ്, മൈക്രോഫിനാന്‍സ്, ട്രഷറി, റിസക്ക് മാനേജ്‌മെന്റ്, ഐടി സെക്യൂരിറ്റി തുടങ്ങി 20 വിഷയങ്ങളിലാണ് സര്‍ട്ടിഫിക്കേഷന്‍. ഇതിന് പുറമെ JAIIB, CAIIB എന്നിവയും നേടി.
തൃശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക്കും കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംടെക്കും നേടിയ ശേഷമാണ് ഈ കമ്പ്യൂട്ടര്‍ വിദഗ്ദന്‍ ബാങ്കിംഗ് വഴിയിലെത്തുന്നത്. സിനിമാ പ്രേമി കൂടിയാണ് ഈ എഴുത്തുകാരന്‍. എല്ലാ ഭാഷകളിലുമുള്ള നല്ല സിനിമകളുടെ വലിയ ശേഖരവും ഉണ്ട്. സാഹിത്യത്തിന് പുറമെ ക്രിക്കറ്റിലും മിടുക്കനാണ്. സ്‌കൂള്‍, കോളേജ് ടീമുകള്‍ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞിട്ടുണ്ട്. കനറ ബാങ്കിന്റെ ഐടി വിഭാഗത്തിന് വേണ്ടിയും ഗ്രൗണ്ടിലിറങ്ങി.
കൃഷിയാണ് ഈ പാലക്കാട്ടുകാരൻ്റെ മറ്റൊരു താല്‍പ്പര്യം. കല്ലടിക്കോട്ടെ വീടിനോട് ചേര്‍ന്ന് പച്ചക്കറികളും ഫലവൃക്ഷങ്ങളും നിറഞ്ഞു നില്‍ക്കുന്നു. കമ്പ്യൂട്ടര്‍ ബിരുദധാരിയാണെങ്കിലും ഭാര്യ ദിവ്യയും കൃഷിയില്‍ താല്‍പ്പര്യമുളള വ്യക്തിയാണ്. മക്കളായ വര്‍ഷയും വരുണും കൃഷിയില്‍ കൂട്ടിനുണ്ട്.