ബാര്‍ കോഴ കേസ് വീണ്ടും സജീവമാകുന്നു. ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനം. എന്നാൽ അന്വേഷണത്തിന് ഗവർണറുടേയും സ്പീക്കറുടേയും അനുമതി ആവശ്യമാണ്.
അഴിമതി, കള്ളക്കടത്ത്, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങളില്‍ നട്ടംതിരിയുന്ന സംസ്ഥാന സര്‍ക്കാരിന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ പിടിവള്ളിയാകുകയാണ്.
പ്രതിപക്ഷ നേതാവ്, മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ബാര്‍ ലൈസന്‍സ് പീസ് കുറയ്ക്കാന്‍ ബാറുടമകള്‍ പിരിച്ച പണം അന്നത്തെ കെപിസിസി പ്രസിഡണ്ട് രമേസ് ചെന്നിത്തല, എക്‌സൈസ് മന്ത്രി കെ ബാബു, ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നാണ് വെളിപ്പെടുത്തല്‍.
ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു വിജിലന്‍സ്. ഇതില്‍ കേസെടുത്ത് അന്വേഷിക്കണം എന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അഴിമതി സര്‍ക്കാരെന്ന് പ്രതിപക്ഷം പ്രചാരണം ശക്തമാക്കുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ബാര്‍ കേസ് ഉപയോഗിക്കാനാവുമെന്നാണ് സിപിഎം പ്രതീക്ഷ.