എ വിജയരാഘവൻ്റെ ഭാര്യ വൈസ് പ്രിന്‍സിപ്പാളായി, കേരളവര്‍മ കോളേജ് പ്രിന്‍സിപ്പാൾ രാജിവെച്ചു

0

പ്രശസ്തമായ തൃശൂര്‍ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പാള്‍ ജയദേവന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ ഭാര്യ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രിന്‍സിപ്പാളിന്റെ ചുമതലകളില്‍ മിക്കതും വൈസ് പ്രിന്‍സിപ്പാളിന് നല്‍കി ആയിരുന്നു കേരളവര്‍മയില്‍ ആദ്യമായി വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കുന്നത്.

രാജിക്കത്ത് ജയദേവന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. സിപിഎം നിയന്ത്രണത്തിലുള്ള കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് കേരളവര്‍മക്കകത്തും, പുറത്തും ഉണ്ടാകുന്നത്.

ഏഴ് വര്‍ഷം കൂടി കാലാവധി ഉള്ളപ്പോഴാണ് ജയദേവന്‍ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പാളിന്റെ പദവിയില്‍ നിന്ന് ഇറങ്ങുന്നത്. തന്നോട് ചോദിക്കുക പോലും ചെയ്യാതെയാണ് വൈസ് പ്രിന്‍സിപ്പാളിനെ നിയമിച്ചതെന്ന് ജയദേവന്‍ പറഞ്ഞു. പുതിയ പദവി ഉണ്ടാക്കാനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായത്. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് രാജി വെക്കുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.