അലങ്കാര മത്സ്യകൃഷിയിൽ ഡോ.റിജി ജോണ്‍ ചെയര്‍മാനായി വിദഗ്ദ സമിതി

0

സംസ്ഥാനത്തെ അലങ്കാര മത്സ്യകൃഷി രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദ സമിതിയെ നിയമിച്ചു. കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല (കുഫോസ്) ഫിഷറീസ് ഡീനും പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനുമായ ഡോ. കെ.റിജി ജോണ്‍ ആണ് സമിതി ചെയര്‍മാന്‍.

ജലകൃഷി രംഗത്ത് ആഗോളതലത്തില്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ്  ഡോ.കെ.റിജി ജോണ്‍. തമിഴ്‌നാട് ഫിഷറീസ് സര്‍വ്വകലാശാലയുടെ അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ദീര്‍ഘനാള്‍ പ്രൊഫസറായിരുന്ന അദ്ദേഹം അടുത്തയിടെയാണ് കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയുടെ ഫിഷറീസ് ഡീന്‍ ആയി ചുമതലയേറ്റത്.

ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇഗ്നേഷ്യസ് മണ്‍റോ കണ്‍വീനറായുള്ള സമിതിയില്‍ കുഫോസ് അക്വാകള്‍ച്ചര്‍ വിഭാഗം മേധാവി ഡോ.കെ.ദിനേഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ബിനു വര്‍ഗീസ്,  നിഫാം ജോയിന്റ് ഡയറക്ടര്‍ ഡോ.ആശ അഗസ്റ്റിന്‍, അലങ്കാരമത്സ്യ എക്‌സ്‌പോര്‍ട്ടര്‍ സന്തോഷ് ബേബി, ടി പുരുക്ഷോത്തമന്‍ (കര്‍ഷക പ്രതിനിധി), സ്റ്റേറ്റ് ഫിഷ് സീഡ് സെന്റര്‍ മെബര്‍ സെക്രട്ടറി എച്ച്. സലിം, കേരള അക്വാ വെഞ്ച്വര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എം.ഡി.സാജു എം.എസ്  എന്നിവര്‍ അംഗങ്ങളാണ്.

സംസ്ഥാനത്തെ അലങ്കാരമത്സ്യകൃഷിയുടെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ധവളപത്രം തയ്യാറാക്കുകയും ഈ രംഗത്തെ ആഗോള സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സമഗ്രമായ രൂപരേഖ സമര്‍പ്പിക്കുകയുമാണ് വിദഗ്ദ സമിതിയുടെ ചുമതല. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ അലങ്കാരമത്സ്യകൃഷിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും സമിതി ശുപാര്‍ശ നല്‍കും.