പി.എസ്.സി അട്ടിമറി കേസിലെ പ്രതികളായ എസ്.എഫ്.ഐ ക്രിമിനലുകളുടെ പേരിലുള്ള പൊതുമുതൽ നശിപ്പിക്കൽ കേസുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം സംസ്ഥാനത്തെ ലക്ഷക്കണക്കിനു വരുന്ന യുവതീ-യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. എസ്.എഫ്.ഐ നേതാക്കൾ നടത്തിയ അട്ടിമറി സി.പി.എം ഉന്നതനേതാക്കളുടേയും സർക്കാരിന്റെയും അറിവോടെയായിരുന്നു എന്നതിൻ്റെ തെളിവാണ് കേസുകൾ ഒഴിവാക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
അർഹരായ ആയിരക്കണക്കിന് യുവാക്കളുടെ നിയമനം തടഞ്ഞുവെച്ച സർക്കാർ സ്വന്തക്കാരെ എങ്ങനെയും ജോലിയിൽ തിരുകി കയറ്റുന്നതാണ് കഴിഞ്ഞ നാലരവർഷക്കാലമായി കേരളം കാണുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത സർക്കാർ കേരളത്തിലെ യുവാക്കളുടെ ഭാവിയാണ് നശിപ്പിച്ചത്. ഭരണത്തിൻ്റെ അവസാന നാളുകളിൽ ഇടതുനേതാക്കൾ പ്രതികളായ ഏതാണ്ട് 75 ഓളം കേസുകൾ എഴുതിതള്ളാൻ സർക്കാർ തിരുവനന്തപുരം ജുഡീഷ്യൽ കോടതിയെ സമീപിച്ചിരിക്കുകയാണ്. അഴിമതിയിൽ മൂക്കറ്റം മുങ്ങിക്കുളിച്ച പിണറായി വിജയൻ ഇനി ഒരു മടങ്ങിവരവില്ലെന്ന് ഉറപ്പായതോടെ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.