ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിലെ ഏറ്റവും പ്രമുഖനും സിപിഎം എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അവസാന കണ്ണിയുമായ വിപ്ലവ സൂര്യന്‍ വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാള്‍. സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ ഈ കമ്യൂണിസ്റ്റ് നേതാവിന്റെ പിറന്നാള്‍ ആഘോഷങ്ങളില്ലാതെയാണ് ഇക്കുറി കടന്നുപോവുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതിഥികളെയും വേണ്ടപ്പെട്ടവരെയും ഒഴിവാക്കിയാകും പിറന്നാള്‍ ആഘോഷം.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നൂറാം വയസ്സിലേക്ക് നടന്നടക്കുമ്പോള്‍ വി എസ് എന്ന മഹാമേരു വിശ്രമത്തിലാണ്. പാര്‍ടി കെട്ടിപ്പടുത്ത മനുഷ്യന്‍ ഇന്ന് പാര്‍ടിയിലെ പുതിയ നേതൃത്വത്തിന്റെ കീഴില്‍ തഴയപ്പെട്ടതോടെ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടലിലും കുറവ് വരുത്തി. പാര്‍ടി അവഗണിച്ചതോടെ ആത്മവീര്യം വിഎസിന് കുറഞ്ഞു എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പലപ്പോഴും പറയാറുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ നടക്കാന്‍ പരസഹായം വേണ്ട അവസ്ഥയിലാണ്. എന്നാല്‍ പതിവ് പത്രവായനയും ചെറിയ രീതിയിലുള്ള യോഗയും തുടരുന്നു. കേക്ക് മുറിച്ചാകും തിരുവനന്തപുരത്തെ കവടിയാല്‍ ഹൗസിലെ പിറന്നാള്‍ ആഘോഷം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയ ശില്‍പ്പിയായെങ്കിലും പാര്‍ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ശക്തി ചോര്‍ന്നതിനാല്‍ മുഖ്യമന്ത്രി കസേര അകന്നുപോയി. പാര്‍ടിയെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയ, വിഎസിന്റെ കൂടെ നിന്നവരെ വെട്ടിയൊതുക്കിയ പിണറായി വിജയന്‍ അധികാരത്തിലേറി. സംസ്ഥാനം മുഴുവന്‍ എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ഥിക്കാന്‍, ജനങ്ങളെ കയ്യിലെടുക്കാന്‍ അന്ന് വിഎസ് പാര്‍ടിക്ക് അനിവാര്യമായിരുന്നു. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ വി എസിനെ വെട്ടിമാറ്റി എന്ന ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. അവസാനം ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോള്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന ആലങ്കാരിക പദവി മൂലയില്‍ ഒതുക്കി എന്നും പരിഹാസം ഉയര്‍ന്നു. പാര്‍ടിയിലും ഭരണത്തിലും ഒതുക്കപ്പെട്ടെങ്കിലും കേരളീയ മനസ്സില്‍ വി എസ്സിനോളം തലപ്പൊക്കം ഇപ്പോഴും ആര്‍ക്കുമില്ല. പാര്‍ടിയിലെ ശരികേടുകളോട് കലഹിച്ചു തുടങ്ങിയതോടെയാണ് വിഎസ് അനഭിമതനായി തുടങ്ങിയത്.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം അതിശക്തമായി നിലനില്‍ക്കുന്ന ഈ സമയത്ത് ജനങ്ങളെ വിശ്വാസത്തിലെടുത്ത് പാര്‍ടിയിലേക്ക് ചേര്‍ത്ത് പിടിക്കാന്‍ വി എസ് സജീവമല്ലാത്തത് സിപിഎമ്മിന് തിരിച്ചടി തന്നെയാണ്. പ്രത്യേകിച്ചും നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുമ്പോള്‍. അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആര് ചുക്കാന്‍ പിടിക്കും എന്ന ആശങ്ക ഇപ്പോഴേ എല്‍ഡിഎഫിലും സിപിഎമ്മിലും ഉണ്ട്. എല്ലാ വിഭാഗം ജനങ്ങളേയും ആകര്‍ഷിക്കുന്ന ഒരു നേതാവ്, വിഎസ്സിന് ശേഷം സിപിഎമ്മില്‍ ഇല്ല. വിഎസ്സിനെ കാട്ടി തിരഞ്ഞെടുപ്പ് ജയിക്കുകയും , അധികാരം കിട്ടിയപ്പോള്‍ വലിച്ചെറിയുകയും ചെയ്തു എന്ന ആക്ഷേപം ഇപ്പോഴും അണികളിലും ജനങ്ങളിലും ശക്തമാണ്. ഈ പിറന്നാള്‍ ദിനത്തിലും സോഷ്യല്‍ മീഡിയിയില്‍ അടക്കം വിഎസിന്റെ പഴയ പ്രസംഗങ്ങളും തമാശകളും ചരിത്രവും നിറഞ്ഞോടുകയാണ്. ജനകോടികളുടെ മനസ്സിലും.