HomeKeralaശുചിത്വം തദ്ദേശ സ്ഥാപനങ്ങളുടെ പ്രാഥമിക ചുമതല: മുഖ്യമന്ത്രി

ശുചിത്വം തദ്ദേശ സ്ഥാപനങ്ങളുടെ പ്രാഥമിക ചുമതല: മുഖ്യമന്ത്രി

തൃശൂർ ജില്ലയിലെ 46 തദ്ദേശ സ്ഥാപനങ്ങൾ ശുചിത്വ പദവിയിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാഥമികമായ ചുമതല അതിൻ്റെ കീഴിലെ പ്രദേശങ്ങളെ മാലിന്യ മുക്തമാക്കി ശുചിത്വം പാലിച്ചു പോവുക എന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 559 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഖരമാലിന്യ സംസ്‌കരണത്തിന് മികച്ച അടിസ്ഥാന സൗകര്യമൊരുക്കിയ തദ്ദേശ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ദ്രവമാലിന്യ സംസ്‌കരണം ഉൾപ്പെടെയുള്ള സമ്പൂർണ മാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കുന്ന മുറയ്ക്ക് സമ്പൂർണ ശുചിത്വ പദവി നൽകും. ഒരു നാടിൻ്റെ വികസന നിലവാരം അളക്കുന്നതിനുള്ള ഏറ്റവും പ്രധാന വികസന മാനദണ്ഡം ശുചിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു.
ശുചിത്വ പദവി നേടിയതിൽ തൃശൂർ ജില്ലയിലെ 37 ഗ്രാമപഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുമടക്കം 46 തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്നു. ഇരിങ്ങാലക്കുട, ചേർപ്പ് ബ്ലോക്കുകളിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തി ജില്ലയിലെ ശുചിത്വ ബ്ലോക്കുകൾ എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്.
മണലൂർ, താന്ന്യം, പഴയന്നൂർ, തെക്കുംകര, പെരിഞ്ഞനം, എസ്.എൻ പുരം, കാറളം, കാട്ടൂർ, മുരിയാട്, പറപ്പൂക്കര, വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി, തളിക്കുളം, എങ്ങണ്ടിയൂർ, വാടാനപ്പിള്ളി, നാട്ടിക, തൃക്കൂർ, നെന്മണിക്കര, അളഗപ്പനഗർ, അന്നമനട, വല്ലച്ചിറ, പാറളം, അവിണിശ്ശേരി, ചേർപ്പ്, പോർക്കുളം, വെള്ളാങ്കല്ലൂർ, പാണഞ്ചേരി, നടത്തറ, തോളൂർ, ചാഴൂർ, കൈപ്പമംഗലം, എറിയാട്, കണ്ടാണശ്ശേരി, കൊടകര, വലപ്പാട്, ആളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും, ചേർപ്പ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തുകളും, ഇരിങ്ങാലക്കുട, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി എന്നീ മുനിസിപ്പാലിറ്റികളുമാണ് ജില്ലയിൽ ശുചിത പദവി നേടിയത്.
ശുചിത്വത്തിന്റെയും മാലിന്യസംസ്‌കരണത്തിന്റെയും അടിസ്ഥാനത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ പദവി നൽകുന്നത്. ആദ്യഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്വയംവിലയിരുത്തൽ നടത്തി ശുചിത്വ പദവി പ്രഖ്യാപനം നടത്തി. ഇവയിൽ ജില്ലാതല വിദഗ്ധ സംഘം പരിശോധിച്ച്, സംസ്ഥാന സർക്കാരിന്റെ ശുചിത്വ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി 60 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ശുചിത്വ പദവിക്ക് അർഹമായത്. പ്രഖ്യാപനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ സംവിധാനങ്ങൾ മെച്ചപ്പെടുത്തി സമ്പൂർണ്ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് ലക്ഷ്യം.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ഡി.ഡി.പി, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി എന്നിവരാണ് ജില്ലയിൽ ശുചിത്വ പദവിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനം നടത്തുന്നത്.

Most Popular

Recent Comments