ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാടെന്ന് സിബിഐ

0

ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാടാണെന്ന് സിബിഐ. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു. ഹൈക്കോടതിയിലാണ് സിബിഐ അഴിമതിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയിച്ചത്.

ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനേയും ഉദ്യോഗസ്ഥയായ ഗീതുവിനേയും ശിവശങ്കരന്‍ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. അപ്പോഴാണ് നിര്‍മാണകരാറിനെ കുറിച്ച് യു വി ജോസ് അറിയുന്നത്. യു വി ജോസിന്റേയും പിണറായി വിജയന്റേയും കേസിലെ പങ്കിനെ കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. യുഎഇ കോണ്‍സുലേറ്റിലേക്ക് റെഡ് ക്രസന്റില്‍ നിന്ന് പണം വന്നതിന് തെളിവ് ലഭിച്ചിട്ടില്ല. യുഎഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം.

ടെണ്ടര്‍ ഇല്ലാതെയാണ് കരാറിലേക്ക് യൂണിടാക്ക് എത്തിയത്. കമ്മീഷന്‍ ഉറപ്പിച്ച ശേഷമാണ് കരാര്‍ ഉണ്ടാക്കിയത്. 40 ശതമാനമാണ് കമ്മീഷന്‍. 20 ശതമാനം കോണ്‍സുല്‍ ജനറലിനും 10 ശതമാനം സ്വപ്‌ന സുരേഷിനും ലഭിച്ചു. തിരുവനന്തപുരം സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളായ സന്ദീപ് നായര്‍, സരിത്ത്, സ്വപ്‌ന എന്നിവരെയൊക്കെയാണ് കരാറുമായി ബന്ധപ്പെട്ട് യൂണിടാക്ക് ആദ്യം സമീപിച്ചതെന്നും സിബിഐ ബോധിപ്പിച്ചു.