കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രദേശിക ലോക്ക് ഡൗണ്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴ്ചയില്‍ നടത്തുന്ന ലോക്ക് ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണം. ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആദ്യ ഘട്ടത്തില്‍ ലോക്ക് ഡൗണ്‍ നേട്ടങ്ങളുണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉറപ്പാക്കണം. ജില്ലാ ബ്ലോക്ക് തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ദിവസവും വെര്‍ച്വല്‍ യോഗങ്ങള്‍ നടത്തണം. 700 ല്‍ അധികം ജില്ലകളുള്ള നമുക്ക് 60 ജില്ലകളിലാണ് കൂടുതല്‍ കോവിഡ് ബാധയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് മോദി സംസാരിച്ചത്. രാജ്യത്തെ ആകെയുള്ള കോവിഡ് കേസുകളില്‍ 63 ശതമാനത്തിലധികവും ഈ സംസ്ഥാനങ്ങളിലാണ്.