പാലാരിവട്ടം പാലം പൊളിച്ചു പണിയാം

0

കൊച്ചിയിലെ പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന് സുപ്രീംകോടതി. പാലം പൊളിക്കുന്നതിന് മുന്‍പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. ഇത്തരമൊരു ഉത്തരവിറക്കിയ ഹൈക്കോടതിയെ സുപ്രീംകോടതി വിമര്‍ശിക്കുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗം തുടര്‍ നടപടി സ്വീകരിക്കാം എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍മാര്‍ ഉള്‍പ്പടെയുള്ള വിദഗ്ദര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ ഇ ശ്രീധരന്റെ അഭിപ്രായങ്ങളെ തുടര്‍ന്നാണ് കേരളം പാലം പൊളിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മാതാക്കള്‍ ആയ ആര്‍ഡിഎസ് പ്രോജക്ട് വാദിച്ചു. ശ്രീധരന്റെ ഈഗോ ആണ് ഇതിന് പിന്നിലെന്നും വാദിച്ചു. രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയര്‍ ആണ് ഇ ശ്രീധരന്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. അദ്ദേഹത്തിന് എതിരായ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്നും വാദിച്ചു. എട്ടു കോടിയോളം രൂപയാവും അറ്റകുറ്റപ്പണിക്ക്. അത് 20 വര്‍ഷത്തിനപ്പുറം നിലനില്‍ക്കുമെന്ന് ഉറപ്പില്ല. എന്നാല്‍ 18 കോടി രൂപക്ക് പൊളിച്ചു പണിതാല്‍ 100 വര്‍ഷം നിലനില്‍ക്കുമെന്നും സംസ്ഥാനം വാദിച്ചു.