സത്യം തെളിയാന്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം

0

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സത്യം തെളിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞു കൊണ്ടിരിക്കുന്ന കള്ളങ്ങള്‍ തെളിയണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. സെക്രട്ടറിയറ്റിന് മുന്നില്‍ യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. മന്ത്രി കെ ടി ജലീല്‍ രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് സമരം.

കമ്യൂണിസ്റ്റ്കാരനെന്ന് പറയുന്ന മുഖ്യമന്ത്രി കള്ളക്കടത്ത് കേസില്‍ കുടുങ്ങിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ജാതിയും മതവും പറയേണ്ട ഗതികേടിലാണ്. ദിവസവും നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ കള്ളം പറയാന്‍ വേണ്ടി മാത്രമാണ്. മതേതര രാജ്യത്തില്‍ മര്‍ഗീയത പറയാമോ എന്നും വര്‍ഗീയത ഇളക്കി വിടാമോ എന്ന് പിണറായി പരിശോധിക്കണം.

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ഖുര്‍ ആന്റെ മറവില്‍ സ്വര്‍ണം കൊണ്ടുവന്നിരിക്കാമെന്നാണ് ജലീല്‍ പറഞ്ഞത്. ജലീലിനെ രക്ഷിക്കാന്‍ പച്ചക്ക് വര്‍ഗീയത ഇളക്കി വിടുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.