ഫാം തൊഴിലാളികളുടെ ശമ്പളം പിടിക്കരുത്‌

0

ഫാം തൊഴിലാളികളുടെ ശമ്പളം പിടിക്കുന്ന തീരുമാനത്തിൽ നിന്നും പിന്നോക്കം പോകണമെന്ന് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഐ. എൻ. ടി. യു. സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ പി തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു.  തുച്ഛമായ ശമ്പളം പറ്റി പ്രതികൂല കാലാവസ്ഥയിലും ഭൂമിയിൽ പണിയെടുക്കാൻ വിധിക്കപ്പെട്ട ഫാം തൊഴിലാളികളുടെ കഠിനാധ്വാനം സര്‍ക്കാര്‍ മനസ്സിലാക്കണം.

ഈ മഹാമാരി പിടിച്ചിരിക്കുന്ന അവസരത്തിലും അതിനെയൊന്നും കണക്കിലെടുക്കാതെ കാർഷിക ഉൽപ്പാദന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾ അവരുടെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇപ്പോൾ ലഭിക്കുന്ന ശമ്പളം പോലും മതിയാകുന്നില്ല. സർക്കാർ അനുവദിച്ചു തന്ന രണ്ടു ഗഡു ഡി എ യിൽ 8% നാളിതുവരെ തരുന്നതിന് യൂണിവേഴ്സിറ്റി തയ്യാറായിട്ടില്ല. 2016 ലെ ക്ഷാമബത്തയുടെ കുടിശികയും ഇതു വരെ ലഭിക്കാനുണ്ട്.  ഈ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കി ലഭിക്കാനുള്ള ഡിഎ അടിയന്തരമായി നൽകുന്നതിന് യൂണിവേഴ്സിറ്റിക്ക് ഉത്തരവ് നൽകുകയും  ശമ്പളം പിടിക്കുന്നതിൽ നിന്നും ഒഴിവാക്കുന്നതിന്  മുഖ്യമന്ത്രി ഇടപെടണമെന്നും കെ പി തമ്പി കണ്ണാടന്‍ അഭ്യര്‍ഥിച്ചു.