കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ എല്‍ഡിഎഫ് നടത്തിയ നിയമസഭയിലെ അക്രമത്തില്‍ കേസ് തുടരും. നിയമസഭയിലെ സ്പീക്കറുടെ ചേംബരും കസേരയും ഉപകരണങ്ങളും തല്ലിപ്പൊളിച്ച സിപിഎം അംഗങ്ങള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനാവില്ലെന്ന് കോടതി. കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ആവശ്യമാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്.
സഭയിലെ ഐക്യം നിലനിര്‍ത്താന്‍ കേസ് അവസാനിപ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് സ്റ്റാന്റുകള്‍, സ്റ്റാന്റ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്‌ഫോണ്‍ തുടങ്ങി നിരവധി സാധനങ്ങള്‍ സിപിഎം അംഗങ്ങള്‍ തല്ലിപ്പൊളിച്ചിരുന്നു. ഇ പി ജയരാജന്‍, കെ ടി ജലീല്‍, പി ശ്രീരാമകൃഷ്ണന്‍, വി ശിവന്‍കുട്ടി തുടങ്ങിയവരൊക്കെ അന്നത്തെ അക്രമത്തിന് നേതൃത്വം നല്‍കിയിരുന്നു.
കേസിനെതിരെ വി ശിവന്‍കുട്ടി നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസ്സവാദം ഉന്നയിച്ചു.