എറണാകുളത്ത് 3 അല്‍ ഖ്വയ്ദ ഭീകരര്‍ പിടിയില്‍

0

സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ട് എന്‍ഐഎ നീക്കം. എറണാകുളത്ത് നിന്ന് അല്‍ ഖ്വയ്ദ ഭീകരരെ പിടികൂടി. രാജ്യവ്യപകമായി ഇന്ന് പുലര്‍ച്ചെ നടന്ന റെയ്ഡിലാണ് എറണാകുളത്ത് മുന്ന് ഭീകരര്‍ പിടിയിലായത്. രാജ്യത്താകെ ഒന്‍പത് ഭീകരരെയാണ് പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ മുര്ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നീ ഭീകരരാണ് പിടിയിലായത്.

കേരളത്തില്‍ നിന്ന് മൂന്ന് പേരെയും പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് ആറ് പേരെയുമാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. പശ്ചിമ ബംഗാളിലും കേരളത്തിലും ഇസ്ലാമിക ഭീകരര്‍ താവളമാക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളം അവരുടെ ഇഷ്ട കേന്ദ്രമാണെന്നും പല സംഘനടകളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ വോട്ട് രാഷ്ട്രീയം മൂലം ഭീകരര്‍ക്കെതിരെ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപണം ഉണ്ടായി.

എന്നാല്‍ എല്ലാ ആരോപണങ്ങളേയും തള്ളുകയായിരുന്നു സര്‍ക്കാരുകള്‍. ഇന്ന് പിടിയിലായത് വലിയൊരു ഗ്രൂപ്പിന്റെ ഭാഗമായുള്ളവരാണെന്നാണ് വിവരം. ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ആക്രമണം നടത്തി കേരളത്തില്‍ സുരക്ഷിതമായി താമസിക്കുക എന്നതാണ് പദ്ധതിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നു.

കെട്ടിട നിര്‍മാണ തൊഴിലാളികള്‍ എന്ന വ്യാജേനയാണ് ഇവര്‍ എറണാകുളത്ത് താമസിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ് എന്നതിനാല്‍ പ്രതികളെ കൈമാറും. ഡിജിറ്റല്‍ ഡിവൈസുകളും ആയുധങ്ങളും ജിഹാദി ലഘുലേഖകളും കണ്ടെടുത്തു. ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു പ്രതികളെന്ന് എന്‍ഐഎ അധികൃതര്‍ പറഞ്ഞു. കൊച്ചിയിലെ നാവിക ആസ്ഥാനവും ഇവരുടെ ലക്ഷ്യമാണെന്നും പറയുന്നു. സംസ്ഥാനത്ത് പലയിടത്തും റെയ്ഡി തുടരുമെന്ന് എന്‍ഐഎ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ഇനിയും ഭീകരര്‍ ഒളിച്ചു കഴിയുന്നുണ്ടെന്നാണ് വിവരം.