ചോദ്യം ചെയ്യലിന് ജലീല്‍ എന്‍ഐഎ ഓഫീസില്‍

0

മന്ത്രി കെ ടി ജലീലിന് കുരുക്ക് മുറുകുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ മന്ത്രിയെ ചോദ്യം ചെയ്യാന്‍ എന്‍ഐഎയും. ഇതിനായി മന്ത്രി രാവിലെ ആറിന് കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തി. ഇഡി ഓഫീസില്‍ രഹസ്യമായി എത്തിയപോലെ ഇവിടേയും ആവര്‍ത്തിക്കാനാണ് മന്ത്രി ശ്രമിച്ചതെങ്കിലും പാളിപ്പോയി. രാവിലെ മന്ത്രി എത്തുന്ന ദൃശ്യങ്ങളടക്കം ചാനലുകള്‍ ബ്രേക്കിങ്ങ് ന്യൂസ് ആയി നല്‍കി.

ദേശീയ അന്വേഷണ ഏജന്‍സി കൂടി മന്ത്രിയെ ചോദ്യം ചെയ്യുന്നതോടെ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളാണ് എന്‍ഐഎ അന്വേഷിക്കുക എന്നതാമ് പ്രധാനം. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഒരു മന്ത്രിയെ രാജ്യസുരക്ഷ അന്വേഷിക്കുന്ന ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നു എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസ്യതക്ക് കോട്ടമാണ്. ഇത്രയും നാള്‍ ജലീലിനെ പിന്തുണച്ച മുഖ്യമന്ത്രിയും സിപിഎമ്മും ഇന് എന്ത് പറയും എന്നതും കാത്തിരുന്ന് കാണണം.

മാധ്യമങ്ങളെ അപഹസിക്കുന്ന പ്രസ്താവനയാണ് കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരുന്നത്. മാധ്യമങ്ങള്‍ അറിയാതെ ഒന്നും നടക്കില്ലെന്ന അഹങ്കാരം താന്‍ ഇല്ലാതാക്കി..തുടങ്ങിയ അവകാശവാദങ്ങളും പറഞ്ഞു. ഇക്കുറി എന്താണ് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുക എന്നതും അറിയേണ്ടതുണ്ട്.

എന്‍ഐഎ കൂടി ചോദ്യം ചെയ്യുന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടേയും ബിജെപിയുടേയും പ്രക്ഷോഭത്തിന് ശക്തി കൂടും. കൂടുതല്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങുന്നതോടെ പൊലീസ് നടപടി കൂടുതല്‍ ശക്തമാവും. കൂടുതല്‍ വനിതകള്‍ സമരത്തില്‍ ഇറങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇത് തൂടര്‍ന്നാല്‍ സമരം നിയന്ത്രിക്കല്‍ പൊലീസിന് ദുഷ്‌ക്കരമാവുന്ന സ്ഥിതിയാവും.