അഴിമതി ആരോപണങ്ങളില്‍ ക്ഷോഭമല്ല വേണ്ടത് മറുപടികള്‍

0

സംസ്ഥാന സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് അഴിമതികളുടെ ലിസ്റ്റുള്ളത്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ക്ഷോഭിക്കുകയല്ല വ്യക്തമായ മറുപടി നല്‍കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു.

സത്യത്തിന് നേരെ മുഖ്യമന്ത്രി കണ്ണടച്ചത് കൊണ്ട് കാര്യമില്ലെന്ന് കത്തില്‍ പറയുന്നു. താങ്കള്‍ കണ്ണടച്ചത് കൊണ്ട് മാത്രം ലോകം ഇരുളാവുകയുമില്ല.പ്രതിപക്ഷം സാങ്കല്‍പ്പിക കഥകളുണ്ടാക്കി സര്‍ക്കാരിനെതിരെ അപവാദം പ്രചരിപ്പിക്കുന്നു എന്നാണല്ലോ അങ്ങ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സംസ്ഥാനം മുഴുവന്‍ അലയടിക്കുന്ന പ്രതിഷേധത്തില്‍ താങ്കള്‍ അസ്വസ്ഥനും ക്ഷുഭിതനുമാവുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്ത്,

സ്വപ്‌നയുടെ നിയമനം,

മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതികള്‍,

താങ്കളുടെ വിശ്വസത്‌നായ എം ശിവശങ്കറിന്റെ ഇടപെടലുകള്‍

ഇതിലേതാണ് കെട്ടുുകഥകള്‍.

സ്വപ്‌ന സുരേഷുമായി മന്ത്രി കെ ടി ജലീലിന്റെ ബന്ധം,

അദ്ദേഹത്തിന്റ വിദേശരാജ്യങ്ങളുമായുള്ള പ്രോട്ടോക്കോള്‍ ലംഘനം,

മന്ത്രി സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയ 4500 കിലോ വരുന്ന പാഴ്‌സലില്‍ എന്താണ് ഉണ്ടായിരുന്നത് എന്ന സംശയം,

മന്ത്രി പറഞ്ഞതില്‍ നിന്നുളള തൂക്ക വ്യത്യാസം,

പ്രോട്ടോക്കോള്‍ ഓഫീസിന് തീപിടിച്ചത്

ഇതെല്ലാം സാങ്കല്‍പ്പികം ആണോ.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് മയക്കു മരുന്ന് മാഫിയയുമായുള്ള ബന്ധം,

ഇഡിയുടെ ചോദ്യം ചെയ്യല്‍,

മറ്റൊരു മന്ത്രിക്കും, മന്ത്രിപുത്രനും നേരെ ഉയരുന്ന ആരോപണങ്ങള്‍ എന്നിവ അന്വേഷണ പരിധിയിലല്ലെ.

ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ആരോപണം.

ഒന്നല്ല, നാല് കോടി രൂപയാണ് കമ്മീഷനെന്ന് താങ്കളുടെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞത്,

അത് ഒരു മന്ത്രി ശരിവെച്ചത്,

പ്രളയ സഹായ ഫണ്ടിലെ വെട്ടിപ്പ്,

വിദേശ കാര്യ മന്ത്രാലയത്തിന്റ അനുമതി ഇല്ലാതെ പണമിടപാട് നടത്തിയത്..

ഇതെല്ലാം ഭാവനയാണോ.

അഴിമതി നടത്താത്ത സര്‍ക്കാര്‍ ആണെന്ന താങ്കളുടെ അവകാശവാദം കള്ളമാണെന്ന് എല്ലാവര്‍ക്കും അറിയാം. കോവിഡ് കാലത്ത് മാത്രം എത്ര അഴിമതികള്‍.

സ്പ്രിംഗ്‌ളര്‍ ഇടപാട്,

പമ്പ മണല്‍കൊള്ള,

ബെവ്‌ക്കോ ആപ്പ്,

ഇ മൊബിലിറ്റി പദ്ധതി,

കണ്‍സള്‍ട്ടന്‍സി തട്ടിപ്പുകള്‍,

അനധികൃത നിയമനങ്ങള്‍..

പട്ടിക നീളുകയാണ്. അന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി ഉത്തരവിനെതിരെ സ്‌റ്റേ വാങ്ങിയ സര്‍ക്കാരാണ് താങ്കളുടേത്.

ഇത്തരം അഴിമതികള്‍ക്കെതിരെ ജനരോഷം ഉണ്ടാവുമ്പോള്‍ അടിച്ചമര്‍ത്താം എന്ന ധാരണയാണ് താങ്കള്‍ക്ക്. അത് തെറ്റായ ധാരണയാണ്. അന്തരീക്ഷം കൂടുതല്‍ മലിനപ്പെടും മുമ്പ് രാജിവെച്ച് ഒഴിയുകയാണ് അഭികാമ്യമെന്നും രമേശ് ചെന്നിത്തല പറയുന്നു.