HomeKeralaപ്രതിഷേധം കനക്കുന്നു; യുവജനങ്ങള്‍ തെരുവില്‍

പ്രതിഷേധം കനക്കുന്നു; യുവജനങ്ങള്‍ തെരുവില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ സംസ്ഥാനമെങ്ങും കനത്ത പ്രതിഷേധം. ബിജെപിയുടേയും പ്രതിപക്ഷ സംഘടനകളുടേയും യുവജനങ്ങള്‍ തെരുവില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തി. സമരത്തെ അടിച്ചമര്‍ത്തുന്ന രീതിയാണ് ഇന്ന് പൊലീസ് സ്വീകരിച്ചത്. ലാത്തിച്ചാര്‍ജും ജലപീരങ്കിയും ഗ്രനേഡും എല്ലായിടത്തും പ്രയോഗിച്ചു. പലയിടത്തും തെരുവ് യുദ്ധത്തിന്റെ അവസ്ഥയിലായിരുന്നു.

തിരുവന്തപുരത്ത് സെക്രട്ടറിയറ്റിന് മുന്നില്‍ ഇപ്പോഴും സമാധാന അന്തരീക്ഷമായിട്ടില്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സമരത്തിന് നേരെ കനത്ത രീതിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ജലപീരങ്കിയും ലാത്തിച്ചാര്‍ജും ഗ്രനേഡും നിരവധി തവണ പ്രയോഗിച്ചു. ജനതാദള്‍ നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. ജലീലിന്റെ കോലം കത്തിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി.

കൊച്ചിയില്‍ മഹിളാമോര്‍ച്ചയും എബിവിപിയും മാര്‍ച്ച് നടത്തി. ഇവിടേയും ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. പാപ്പിനിശ്ശേരിയില്‍ ഇ പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും കനത്ത പൊലീസ് നടപടിയുണ്ടായി. ഉദ്ഘാടനം ചെയ്ത സന്ദീപ് വാര്യര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇവരെ കൊണ്ടുപോയ പൊലീസ് വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐക്കാര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

പാലക്കാട്, കൊല്ലം, കോഴിക്കോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സംഘര്‍ഷമുണ്ടായി. പലയിടത്തും പൊലീസ് അക്രമത്തിന് ശേഷം ദേശീയ പാത ഉപരോധിക്കുന്ന സ്ഥിതിയുമുണ്ടായി. പത്തനംതിട്ട കലക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു.

ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യുഡിഎഫ് നടത്തിയ സത്യാഗ്രഹം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള പിണറായി വിജയന്റെ ശ്രമം വിജയിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രതികളെ തുടര്‍ച്ചയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഏത് സാഹചര്യത്തില്‍ ആണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Most Popular

Recent Comments