താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 13 വര്‍ഷം താമരശ്ശേരി രൂപത ബിഷപ്പായിരുന്നു.
2010 മുതല്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. തൃശൂര്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനാണ്. 1951ല്‍ എസ്എസ്എല്‍സി പാസ്സായ അദ്ദേഹം എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായ ശേഷമാണ് സെമിനാരിയില്‍ ചേര്‍ന്നത്. 1961ല്‍ റോമില്‍ വച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലെ ലാറ്ററന്‍ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷമാണ് കേരളത്തില്‍ എത്തി ഇടവക അസി. വികാരിയായത്. കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനാണ്.