കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ തങ്ങള്‍ നല്‍കിയ വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജോസ് കെ മാണി. പി ജെ ജോസഫ്, മോന്‍സ് ജോസഫ് എന്നീ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. അവിശ്വാസം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞാകും നടപടി. നാളെ 15 ദിവസം പൂര്‍ത്തിയാകുന്ന ദിവസമാണ്. നാളെ ഇവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു തങ്ങള്‍. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം പാര്‍ടിയും രണ്ടില ചിഹ്നവും തങ്ങളുടേതാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ എതിര്‍പക്ഷം കുട്ടനാട് ഏത് ചിഹ്നത്തില്‍ ഏത് വിലാസത്തില്‍ മത്സരിക്കും എന്നത് ശ്രദ്ധേയമാണ്. ഞങ്ങള്‍ സുസജ്ജമാണ്. തിരഞ്ഞെടുപ്പിനായി കമ്മിറ്റി വരെ തീരുമാനിച്ചിരുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ തീരുമാനം ഉണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.