HomeKeralaഓണവിപണിക്കായി ഒരുങ്ങി കൃഷി വകുപ്പ്

ഓണവിപണിക്കായി ഒരുങ്ങി കൃഷി വകുപ്പ്

ഓണത്തിനായി ഓണസമൃദ്ധി 2020 എന്ന പേരില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ഈ ഓണത്തിന് സ്വന്തം വീടുകളിലേയോ നമ്മുടെ നാട്ടിലെ തന്നെയോ പച്ചക്കറികളാവും ഉപയോഗിക്കാന്‍ ലഭിക്കുക. വിഷരഹിത പച്ചക്കറിയാവും വീടുകളില്‍ എത്തുക.

പ്രാദേശിക കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി ശേഖരിച്ചാണ് 30 ശതമാനം കുറഞ്ഞ വിലക്ക് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക.

ഈമാസം 27 മുതല്‍ 30 വരെ നാടന്‍ പഴം പച്ചക്കറി വിപണികള്‍ പ്രവര്‍ത്തിക്കും. 2000 കാര്‍ഷിക ചന്തകളാണ് സംസ്ഥാനത്താകെ ഉണ്ടാവുക. ഇതില്‍ 1450 എണ്ണം കൃഷി വകുപ്പ് നേരിട്ടും 150 എണ്ണം വിഎഫ്പിസികെയും 500 എണ്ണം ഹോര്‍ട്ടികോര്‍പ്പും നടത്തും. 100, 150 രൂപ വിലയുള്ള പച്ചക്കറി കിറ്റുകള്‍ ഉണ്ടാകും.

ഓണ്‍ലൈന്‍ വഴിയും

ഇക്കുറി ഓണ്‍ലൈന്‍ വഴിയും പഴം പച്ചക്കറി എന്നിവ വീടുകളില്‍ എത്തിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഓണ്‍ലൈന്‍ വഴി എത്തിക്കുക. സ്വിഗ്ഗി, സൊമാറ്റോ, എഎം നീഡ്‌സ് എന്നീ ഏജന്‍സികള്‍ വഴിയാണ് വിതരണം.

അടുത്തവര്‍ഷത്തെ ഓണം നമ്മുടെ പൂക്കള്‍ കൊണ്ടാവണമെന്നാണ് കൃഷിവകുപ്പ് ആഗ്രഹിക്കുന്നത്. ഇതിനായി പൂ കൃഷി സംസ്ഥാനത്ത് വ്യാപകമാക്കും. കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് പച്ചക്കറിയുടെ കാര്യത്തില്‍ സംസ്ഥാനം ഏറെക്കുറെ സ്വയംപര്യാപ്തതയില്‍ എത്തിയിട്ടുണ്ടെന്നും ഓണ്‍ലൈന്‍ വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

Most Popular

Recent Comments