അത്യാസന്ന നിലയിലുള്ള രോഗിയെ ബുദ്ധിമുട്ടിച്ച സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ക്യാന്‍സര്‍ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബി രജിസ്ട്രാര്‍ ജി ജയലക്ഷ്മിയെ ആണ് സസ്‌പെന്റ് ചെയ്തത്. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യാനാണ് കട്ടപ്പന സ്വദേശി സനീഷ് രജിസ്ട്രാഫീസില്‍ എത്തിയത്. മരണാസന്നനായിരുന്നു സനീഷ്. കൂടെ ഉണ്ടായിരുന്നവര്‍ ഇക്കാര്യം പറഞ്ഞെങ്കിലും മൂന്നാം നിലയിലെ ഓഫീസില്‍ എത്തണമെന്ന് സബ് രജിസ്ട്രാര്‍ വാശി പിടിച്ചു. ഇതോടെ ആംബുലന്‍സില്‍ ആയിരുന്ന സനീഷിനെ കസേരയില്‍ ഇരുത്തി പൊക്കിയെടുത്താണ് ഓഫീസില്‍ എത്തിച്ചത്. ഇതിന് തൊട്ടടുത്ത ദിവസം അദ്ദേഹം മരണപ്പെട്ടു.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമായി. വിവരമറിഞ്ഞ മന്ത്രി ജി സുധാകരന്‍ സനീഷിനെ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു. ജയലക്ഷ്മിയെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാനുള്ള നടപടി എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.