അക്രമികള്‍ക്കെതിരെ കര്‍ശന നടപടി

0

കര്‍ണാടകയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. ഇന്നലെ ബംഗളുരുവില്‍ ഒരു വിഭാഗം നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവായ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പിനെ തുടര്‍ന്നാണ് അക്രമം നടത്തിയത്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലാണ് കുറിപ്പെന്ന് ആരോപിച്ചാണ് ഒരു മതവിഭാഗത്തിലെ ചിലര്‍ അക്രമം നടത്തിയത്. അക്രമത്തില്‍ എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും വാഹനങ്ങളും തകര്‍ത്തു.

പൊലീസ് സ്റ്റേഷന്‍ അക്രമിച്ചവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. എസ്ഡിപിഐ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമത്തില്‍ 60ല്‍ അധികം പൊലീസുകാര്‍ക്ക് പരിക്കുണ്ട്. രണ്ട് മാധ്യമ പ്രവര്‍ത്തകരേയും ആക്രമിച്ചു. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.