‘ദ്രോഹിക്കുന്നത് തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിനാല്‍’

0

തൃശൂരില്‍ വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസും ബിജെപിയും. പ്രളയകാല തട്ടിപ്പിന് കൂട്ടു നില്‍ക്കാത്തതിന്റെ വൈരാഗ്യമാണ് വില്ലേജ് ഓഫീസറോട് സിപിഎമ്മിനെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ റവന്യു മന്ത്രി ഇടപെടണമെന്ന് ടി എന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു.

ഇന്നലെയാണ് പുത്തൂര്‍ വില്ലേജ് ഓഫീസര്‍ ഓഫീസില്‍ വെച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈഫ് മിഷന്‍ പദ്ധതിക്ക് ആവശ്യമുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ വില്ലേജ് ഓഫീസറെ ഘെരാവോ ചെയ്തത്. വളരെ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് താങ്ങാവുന്നതിനും അപ്പുറം ആയപ്പോഴാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു.

തങ്ങള്‍ക്ക് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തവരെ കയ്യേറ്റം ചെയ്യുക എന്നത് പതിവ് സിപിഎം രീതിയാണെന്ന് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. വനിതാ ഉദ്യഗസ്ഥരെ അടക്കം അപമാനിച്ച് നിയന്ത്രിച്ച് നിര്‍ത്തുകയെന്നതാണ് അവരുടെ സ്വഭാവമെന്നും എംപി വിശദീകരിച്ചു. സെര്‍വര്‍ തകരാര്‍ മൂലമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകുന്നതെന്ന് വില്ലേജ് ജീവനക്കാര്‍ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ സിപിഎം നിഷേധിച്ചു. പ്രകോപനം ഇല്ലാതെയാണ് വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും സിപിഎം അറിയിച്ചു. സംഭവത്തില്‍ സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ അടക്കമുള്ള എട്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.