മരുഭൂമിയിലെ കൃഷിത്തോട്ടവുമായി   മലയാളി വീട്ടമ്മ

0

അറേബ്യൻ മണലാരണ്യങ്ങളിൽ പൊന്നു വിളയിക്കുന്ന, വേറിട്ട കർമ്മരംഗങ്ങളിൽ ശ്രദ്ധേയരായ നിരവധി മലയാളികളെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ട്. റീടൈൽ, ലോജിസ്റ്റിക്സ്, കൺസ്ട്രക്ഷൻ, ഫിനാൻസ് രംഗങ്ങളുമായി ബന്ധപ്പെട്ട വൻ വ്യവസായ വളർച്ചയുടെ കഥകളാണ് ഇവയിൽ മിക്കവയും. എന്നാൽ വേറിട്ട മേഖലകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വിജയങ്ങൾ നേടുന്ന മലയാളികളും ഇവിടെയുണ്ട്. അതിൽ ഒരാളാണ് ഷാർജയിൽ താമസിക്കുന്ന സുധന്യ സതീശൻ.

താമസിക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നാട്ടിൽ നിന്ന് കൊണ്ടുവന്ന പച്ചക്കറി വിത്തുകൾ കൂടുകളിൽ പാകി പരീക്ഷണത്തിൻ്റെ തുടക്കം. അത് വിജയമായതോടെ താല്പര്യം കൂടി. നിലവിൽ ബാൽക്കണിയിലെ സ്ഥലം തികയാതെ വന്ന സ്ഥിതിയാണ്. ഷാർജയിലെ ചൂടിൽ വിചാരിച്ചതിനേക്കാൾ വിളവ് കിട്ടാൻ തുടങ്ങിയപ്പോൾ ആദ്യത്തെ കൗതുകം പിന്നീട് ആവേശമായി. ജോലിത്തിരക്കുകൾ സൃഷ്ടിക്കുന്ന മടുപ്പകറ്റാൻ കൃഷി നൽകിയ ഊർജ്ജം സഹായകമായി. കൃഷി വിപുലീകരിക്കാൻ ആലോചിച്ചപ്പോൾ താമസിക്കുന്ന ഫ്ലാറ്റിലെ പുതിയ സാദ്ധ്യതകൾ തുറന്നു. ഒഴിവുസമയങ്ങൾ പച്ചക്കറി തോട്ടത്തിൽതന്നെയായി. കൃഷിക്ക് ആവശ്യമായിട്ടുള്ള ഒട്ടുമിക്ക സാധനങ്ങളും നാട്ടിൽ നിന്ന് തന്നെ എത്തിച്ചു. ജൈവ വളവും, ജൈവ കീടനാശിനികളും മാത്രം ഉപയോഗിക്കുന്നതിൽ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു.

ഇന്ന് ഇവരുടെ പച്ചക്കറിത്തോട്ടത്തിൽ എല്ലായിനം കൃഷികളുമുണ്ട്.പയർ, വഴുതനങ്ങ, ചേന, വെണ്ട, മാങ്ങായിഞ്ചി, പനികൂർക്ക, കുമ്പളം, മുരിങ്ങ, മുളക്, ബ്രോക്കോളി, വിവിധയിനം ചീരകൾ, മൾബറി തുടങ്ങി നാട്ടിൽ കൃഷി ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാം തന്നെ ഈ ബാൽക്കണിയിൽ കൃഷി ചെയ്യുന്നുണ്ട്. എത്ര ജോലിസമ്മർദ്ദം ഉണ്ടായാലും വർണ്ണാഭമായ ഈ കൊച്ചുതോട്ടത്തിലേക്ക് എത്തിയാൽ ഒരു പ്രത്യേക പോസിറ്റീവ് എനർജി ലഭിക്കും എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ ഇവർ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും, അയൽക്കാർക്കും മറ്റ് പരിചയക്കാർക്കും പച്ചക്കറികൾ പങ്കുവക്കുന്നു.

ദിവസവും ജോലിക്ക് തടസ്സം വരാതെ രാവിലേയും വൈകിട്ടുമായി 1-2 മണിക്കൂർ ഇവർക്ക് കൊച്ചുതോട്ടത്തിൽ ചിലവിടാൻ സാധിക്കുന്നുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ കണ്ണിനും മനസ്സിനും കുളിർമയേകുന്ന, വിവിധ നിറങ്ങളിലുള്ള പച്ചക്കറികളും പൂക്കളും ഇടതിങ്ങിയ ഒരു കൊച്ചു പറുദീസയാണ് സുധന്യയുടേയും സതീശന്റേയും കൃഷിയിടം.

പാലക്കാട് സ്വദേശി സതീശൻ ദുബായിലെ ഒരു സ്വീഡിഷ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു. ഈ കുടുംബം ഷാർജയിൽ എത്തിയിട്ട് 7 വർഷം ആയി. കോട്ടയം സ്വദേശിയായ  സുധന്യ ഷാർജയിൽ അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ നൃത്ത അധ്യാപികയാണ്.