മതഗ്രന്ഥമല്ലെങ്കില്‍ പിന്നെന്ത്

0

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് സമ്മാനിച്ച ഗ്രന്ഥങ്ങളാണ് സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതെന്ന മന്ത്രി കെ ടി ജലീലിന്റെ വാദം സത്യമല്ലെന്ന് കസ്റ്റംസ് വിശ്വസിക്കുന്നതായി വാര്‍ത്തകള്‍. അത്രയും ഭാരമുള്ള ലഗേജുകള്‍ യുഎഇ കോസുലേറ്റിലേക്ക് വന്നതിന്റെ രേഖകള്‍ കണ്ടെത്താനായിട്ടില്ലെന്നും കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പുതിയ പല സംശയങ്ങളും ഉയരുന്നു. കൊണ്ടുപോയത് ഗ്രന്ഥങ്ങളല്ലെങ്കില്‍ പിന്നെന്താണ്. ന്യൂനപക്ഷ പ്രശ്‌നവും വിശ്വാസവും പറഞ്ഞ് മതത്തെ കൂട്ടുപിടിച്ച് സത്യം മറച്ചുവെച്ചത് എന്തിനാണ് ? ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞപോലെ അതില്‍ സ്വര്‍ണം തന്നെയായിരുന്നുവോ.. ?അതിനായിരുന്നുവോ മന്ത്രിയും കോണ്‍സുലേറ്റുമായുള്ള ഫോണ്‍ വിളികള്‍. എന്തായാലും സ്വര്‍ണ കള്ളക്കടത്ത് കേസ് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്.

മന്ത്രി കെ ടി ജലീലിന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആകുമ്പോള്‍ അത് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരാവുകയാണ്. ഏത് അന്വേഷണവും വരട്ടെ തന്റെ ഓഫീസിലേക്കും വരട്ടെ തുടങ്ങിയ പഞ്ച് ഡയലോഗുകള്‍ സത്യമായാല്‍ സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവില്ല. ഇതിനിടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. കൂടുതല്‍ തെളിവുകളാണ് അന്വേഷണ സംഘങ്ങള്‍ ശേഖരിച്ചിട്ടുളളത്.