കുറ്റവാളികള്‍ക്ക് മരണവുമായി യുപി

0

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന സന്യാസി ഇപ്പോള്‍ എന്‍കൗണ്ടര്‍ മാന്‍ ആണ്. കൊടുംകുറ്റവാളികള്‍ പൊലീസ് വെടിവെയിപ്പില്‍ കൊല്ലപ്പെടുന്ന അവസ്ഥ. ഇതോടെ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നിരുന്ന ഉത്തര്‍പ്രദേശ് മെല്ലെ സമാധാനത്തിലേക്ക് വരികയാണ്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന പൊലീസ് ഭാഷ്യം പലപ്പോഴും ആരോപണങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പക്ഷേ അതൊന്നും സംസ്ഥാന സര്‍ക്കാരിനെയോ പൊലീസിനേയോ ബാധിച്ചിട്ടില്ല. ഇതിന്റെ തെളിവാണ് ഇന്ന് ഏറ്റുട്ടലില്‍ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദൂബൈ. ഇന്നലെ പുലര്‍ച്ചെ മധ്യപ്രദേശില്‍ നിന്ന് പിടിയിലായ വികാസ് ഇന്നാണ് രാവിലെ വെടിയേറ്റ് മരിച്ചത്. അപകടത്തില്‍ പെട്ട പൊലീസ് വാഹനത്തില്‍ നിന്ന് പൊലീസുകാരന്റെ തോക്കുമായി രക്ഷപ്പെടാന്‍ വികാസ് ശ്രമിച്ചു എന്ന് യു പി പൊലീസ് പറയുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെടിവെച്ചു എന്നും ആതമരക്ഷാര്‍ത്ഥം തിരിച്ചു വെടിവെച്ചപ്പോഴാണ് വികാസ് ദുബൈ കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളായി ഇയാളുടെ സംഘത്തില്‍ പെട്ട പലരും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. കാണ്‍പൂരില്‍ ഡിവൈഎസ്പി അടക്കം എട്ടു പൊലീസുകാരെ വെടിവെച്ചു കൊന്ന് രക്ഷപ്പെട്ടതായിരുന്നു വികാസും സംഘവും.

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി ആയി ചുമതലയേറ്റ ശേഷം നടത്തിയ പ്രസ്താവന ആയിരുന്നു കൊടുംകുറ്റ കൃത്യം ചെയ്താല്‍ വകവരുത്തുമെന്നത്. ഇതിനായി എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റുകളായ ഉദ്യോഗസ്ഥരെ തന്നെ പ്രശ്‌ന മേഖലകളില്‍ നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം യുപി പൊലീസ് പുറത്തുവിട്ട കണക്ക് അനുസരിച്ച് 5178 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. ഇതില്‍ 103 കൊടും ക്രിമിനലുകള്‍ കൊല്ലപ്പെട്ടു. 1859 പേര്‍ക്ക് പരിക്കേറ്റു. 17,745 ക്രിമിനലുകള്‍ കീഴടങ്ങി. പലരും ജാമ്യം റദ്ദാക്കി ജയിലിലേക്ക് മടങ്ങി. ജീവഭയം മൂലമാണ് ഇതെന്നാണ് ആരോപണം.

പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയിട്ടുള്ളത്. അതിനാല്‍ ഇഷ്ടമില്ലാത്തവരെ വെടിവെച്ചു കൊല്ലുന്നുണ്ടെന്ന പരാതികളും വരുന്നുണ്ട്. നിയമനങ്ങളില്‍ ഇടപെട്ടിരുന്ന സംഘങ്ങളേയും രാഷ്ട്രീയക്കാരേയും അകറ്റി നിര്‍ത്തിയതിനാല്‍ പൊലീസില്‍ അര്‍ഹരായവരാണ് കയറുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഷാംലി, മീററ്റ്, മുസാഫര്‍നഗര്‍, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, കൈരാന, ഭാഗ്പത്, സഹറന്‍പൂര്‍, നോയിഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. ഇവിടെയെല്ലാം ജനങ്ങളുടെ ഹീറോകളാണ് പല പൊലീസുകാരും.