കോണ്‍സുലേറ്റ് മറവില്‍ നടത്തിയ വന്‍ സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനമാകെ പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്ക് നേരെ പൊലീസ് വേട്ടയെന്ന് ആരോപണം.
പ്രതിപക്ഷ യുവജന സംഘടനകളും യുവമോര്‍ച്ചയും വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധം നടത്തി. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചുകള്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും ലാത്തിച്ചാര്‍ജും നടത്തി. ആദ്യം യൂത്ത് ലീഗാണ് മാര്‍ച്ച് നടത്തിയത് ഈ സമരക്കാരെ കടുത്ത രീതിയില്‍ നേരിട്ടാണ് പൊലീസ് അവസാനിപ്പിച്ചത്. തൊട്ടുപിന്നാലെ എത്തിയ യുവമോര്‍ച്ച മാര്‍ച്ചിന് നേരെയും കടുത്ത ആക്രമണമായിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകനും പരിക്കുണ്ട്.
പതിവിന് വിപരീതമായി മാര്‍ച്ച് എത്തിയ ഉടന്‍ തന്നെ കടുത്ത രീതിയിലാണ് പൊലീസ് സമരക്കാരെ നേരിട്ടത്. പൊലീസ് മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന പ്രവര്‍ത്തകരെ കാത്ത് നിന്ന് മര്‍ദിക്കുകയായിരുന്നു പല പൊലീസുകാരും. ഇതിനെതിരെ കടുത്ത പ്രതിഷേധം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ സുധാകരന്‍ എംപി സംസാരിച്ചു. ഇവിടേയും ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു. കണ്ണൂരില്‍ നടന്ന യൂത്ത് ലീഗ് മാര്‍ച്ചിന് നേരെയും പൊലീസ് കടുത്ത ആക്രമണമാണ് നടത്തിയത്. മന്ത്രി ഇ പി ജയരാജന്റെ കാര്‍ കുറച്ചു നേരം സമരക്കാര്‍ തടഞ്ഞു. കൊല്ലത്ത് കെഎസ് യു നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്.
എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും ഉണ്ടാകില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് സമരാഭാസമാണെന്നും മന്ത്രി പറഞ്ഞു.