മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം അരോപണത്തിന് വിധേയമായ സ്വര്‍ണകള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം കൂടി വേണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.
എന്‍ഐഎ അന്വേഷണം സ്വഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പക്ഷേ എന്‍ഐഎക്ക് അഴിമതി അന്വേഷിക്കാന്‍ അധികാരമില്ല. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം വരണം. ഇവിടെ ബിജെപിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണ്. മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും സംരക്ഷിക്കാനാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ബിജെപി നേതാവ് ആരോപണം ഉന്നയിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആരോപണം. തെളിവ് ഹാജരാക്കട്ടെ. കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന വ്യാമോഹമാണ് സിപിഎമ്മിനം ബിജെപിക്കും. പക്ഷേ അത് നടക്കാന്‍ പോകുന്നില്ല. സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് തങ്ങള്‍ മൂന്നുപേരും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയെ മാറ്റാന്‍ എന്ത് നെറികേടും കാണിക്കരുതെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. ഇവിടെ ഒരു മുന്‍ മുഖ്യമന്ത്രി ഇരിക്കുന്നുണ്ട്. എന്തൊക്കെ നെറികേടാണ് എല്‍ഡിഎഫ് കാണിച്ചത്. ഇതിന്റെ ഒരംശം പോലും തങ്ങള്‍ കാണിച്ചിട്ടില്ലെന്നും പ്രതിപക്ഷ ലനേതാവ് പറഞ്ഞു.
സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വിട്ടത് സര്‍ക്കാരിനെ സഹായിക്കാനാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമം. ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയും. സംയുക്ത അന്വേഷണത്തിന് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.





































