തിരുവനന്തപുരം വിനാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച് എന്‍ഐഎ. യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരായിരുന്ന സരിത്ത് കുമാറാണ് ഒന്നാം പ്രതി. സ്വപ്‌ന സുരേഷ് രണ്ടാം പ്രതിയും കൊച്ചി സ്വദേശിയായ ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയുമാണ്. സ്വപ്‌ന സുരേഷിന്റെ ബിനാമിയായി കരുതുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ നാലാം പ്രതിയാണ്.
ഫൈസല്‍ ഫരീദിന് വേണ്ടിയാണ് സ്വര്‍ണകള്ളക്കടത്ത് എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ഇയാള്‍ ഇപ്പോള്‍ വിദേശത്താണ്. യുഎപിഎ നിയമത്തിലെ 16,17, 18 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. ഭീകര പ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി ഫണ്ട് ചെലവഴിക്കുക എന്നീ കുറ്റങ്ങള്‍ക്ക് ചുമത്തുന്ന വകുപ്പുകളാണിത്. യുഎപിഎ ചുമത്തിയതിനാല്‍ സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരസ്‌ക്കരിക്കപ്പെടാനാണ് സാധ്യത.