HomeKeralaമുഖ്യമന്ത്രി രാജിവെയ്ക്കണം

മുഖ്യമന്ത്രി രാജിവെയ്ക്കണം

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തി സംഭവത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നാളെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കും.

അന്താരാഷ്ട്ര കള്ളക്കടത്ത് കേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചു. സ്വപ്നക്ക് സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി കണ്ണടച്ച് പാല് കുടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സിബിഐ അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.

സ്വപ്‌നയ്‌ക്കെതിരായ കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണം വൈകിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താല്‍പ്പര്യപ്രകാരമായിരുന്നു ഇത്. കോടതി ഇടപെടലിനെ തുടര്‍ന്നാണ് ലോജിക്കല്‍ കണ്‍ക്ലൂഷനിലേക്ക് ക്രൈബ്രാഞ്ച് എത്തിയത്. സ്വപ്‌നയുടെ നിയമനം പ്ലേസ്‌മെന്റ് ഏജന്‍സിയുടെ തലയില്‍ വെക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. യുഡിഎഫ് അല്ല എല്‍ഡിഎഫ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശരിയാണ്, രാജ്യാന്തര ബന്ധമുള്ള സ്വര്‍ണ കള്ളക്കടത്ത് നടത്താന്‍ എല്‍ഡിഎഫിനേ കഴിയൂ.

സ്വപ്നയെ അറിയില്ലെന്ന പിണറായി വിജയന്റെ വാദം കഴമ്പില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള സയന്‍സ് ആന്റ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റിലാണ് സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആസൂത്രക സ്വപ്‌ന ആയിരുന്നു. ക്ഷണക്കത്ത് അയച്ചതും അവരായിരുന്നു. ആദ്യമായി നടത്തിയ കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകയെ അറിയില്ലെന്ന് പറയാന്‍ പിണറായി വിജയന് കഴിയുമോ എന്ന് ഇതിലെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Most Popular

Recent Comments