119 പേര്‍ പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം പൂന്തുറയില്‍ സ്ഥിതി അതീവ ഗുരുതരം. ഇവിടെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ 600 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ 119 പേര്‍ പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്.
തീരമേഖലയായ പൂന്തുറയില്‍ സ്ഥിതി കൈവിട്ട നിലയിലാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട്. കോവിഡ് രോഗിയായ ഒരാളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍ 120 പേരും സെക്കന്ററി കോണ്ടാക്ടായി 150 ഓളം പേരും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെ ഏതാണ്ട് മുന്നൂറില്‍പ്പരം പേരാണ് പോസിറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ക്രമസമാധാനം ഉറപ്പുവരുത്താന്‍ പൊലീസ് കമാന്‍ഡോകളെ ഇറക്കിയിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതല. പൂന്തുറയിലേക്ക് പുറമെ നിന്ന് ആളുകളെത്തുന്നത് തടയും. റോഡുകളെല്ലാം അടച്ചുതുടങ്ങി. കടല്‍ വഴിയുള്ള പ്രവേശനവും തടയും. പ്രദേശത്തെ കൂടുതല്‍ ആളുകളെ പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മൂന്ന് വാര്‍ഡുകളില്‍ നാളെ മുതല്‍ ഓരോ കുടുംബത്തിനും 5 കിലോ വീതം റേഷന്‍ നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.