വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്ന് മുഖ്യമന്ത്രി. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. കള്ളക്കടത്തിനായി കൊണ്ടുവന്ന പാര്‍സല്‍ സംസ്ഥാന സര്‍ക്കാരിന് വന്നതല്ല.
വിവാദ വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ല. ഐടി വകുപ്പുമായും ബന്ധമില്ല. ഐടി പ്രോജക്ടുകളില്‍ മാര്‍ക്കറ്റിംഗ് ചുമതല മാത്രം.
ഇവരുടെ നിയമനം സര്‍ക്കാര്‍ നടത്തിയതല്ല. പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ് നിയമനം നടന്നത്. യുഎഇ കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യയുടെ സാറ്റിലും ഉള്ള പ്രവൃത്തി പരിചയം ആണ് നിയമനത്തിലേക്ക് അവരെ നയിച്ചിട്ടുണ്ടാവുക. ഇത് കരാര്‍ നിയമനം മാത്രമാണ്. കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജോലികളില്‍ ഇതുവരെ ആരോപണം വന്നിട്ടുമില്ല. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു ആരോപണവും വന്നിട്ടില്ല. മാത്രമല്ല ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് ഇവര്‍ക്കെതിരാണ്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ലെന്ന് കസ്റ്റംസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം ഇതോടെ ഇല്ലാതായി. ശിവശങ്കറിനെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ പുറത്താണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയത്. എന്തെങ്കിലും നിയമപരമായ ആരോപണത്തിന്റെ പേരിലല്ല നടപടി. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ.
വിവാദ വനിത മുഖ്യമന്ത്രിയുടെ ചെവിയില്‍ സ്വകാര്യം പറയുന്ന ചിത്രം പ്രചരിപ്പിച്ചവരോട് നിങ്ങളുടെ മാനസിക നിലയല്ല മറ്റുള്ളവര്‍ക്ക് എന്നാണ് പറയാനുള്ളത്. സിബിഐ അന്വേഷണമല്ല എത് അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാരിന് സമ്മതമാണ്. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.