മധുരപ്രതികാരം, ദൈവനിശ്ചയം

0

‘ഞാന്‍ ഒരു ദൈവ വിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല, എനിയ്ക്ക് വേണ്ടി വളരെയധികം പേര്‍ പ്രര്‍ത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവര്‍ക്കും നന്ദി’

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പിലെ അവസാന പാരഗ്രാഫാണ് ഇത്. തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത്, സ്വപ്‌ന സുരേഷ്, ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസ് തുടങ്ങിയ വിവാദങ്ങളില്‍ നിലപാട് വിശദീകരിക്കാനാണ് ഉമ്മന്‍ചാണ്ടി കുറിപ്പ് എഴുതിയത്. കഴിഞ്ഞ ഭരണക്കാലത്ത് സോളാര്‍ വിവാദവും സരിത വിഷയവും ഉണ്ടായപ്പോള്‍ തന്നേയും തന്റെ വീട്ടുകാരേയും മ്ലേച്ചമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത ഇടതുമുന്നണിയെ ഓര്‍ക്കുന്നുണ്ട് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഏറ്റവും മാന്യമായ ഭാഷയാണ് എന്ന് മാത്രം.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉയരുന്ന ആക്ഷേപങ്ങളില്‍ സന്തോഷിക്കുന്നില്ല. പക്ഷെ സോളാര്‍ ആരോപണവും അതിനോട് അന്നത്തെ പ്രതിപക്ഷം എടുത്ത നിലപാടുകളും ജനം തിരിച്ചറിയും എന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ഈ ആരോപണങ്ങളില്‍ നിന്ന് പുറത്ത് വരാന്‍ സിബിഐ അന്വേഷണമാണ് ഉചിതം. സത്യം പുറത്ത് വരണമെന്നും ഉമ്മന്‍ചാണ്ടി കുറിച്ചു. തന്നെ അതി മ്ലേച്ചമായി അപമാനിച്ചവര്‍ക്ക് ദൈവം ശിക്ഷ കൊടുത്തെന്ന് പറയാതെ പറയുകയാണ് മുന്‍ മുഖ്യമന്ത്രി.