ഒടുവില്‍ എം ശിവശങ്കര്‍ എന്ന മുതിര്‍ന്ന ഐഎഎസ് ഓഫീസറെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവിയില്‍ നീക്കിയ ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. ഒരു വര്‍ഷത്തെ ദീര്‍ഘകാല അവധിക്ക് നല്‍കിയ അപേക്ഷ അംഗീകരിച്ചാണ് ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടും ഐടി സെക്രട്ടറിയായി തുടരുന്നതിലെ അനൗചിത്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാല്‍, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ചോദ്യം ചെയ്തിരുന്നു. ഐടി വകുപ്പുകളിലെ അഴിമതികളും മറ്റും മൂടിവെക്കാനും മുഖ്യമന്ത്രിയുടെ മകളുടെ ഇടപെടല്‍ അടക്കമുള്ള കാര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും ആണ് ഈ നടപടിയെന്നും വ്യാഖ്യാനിക്കപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ സ്വപ്നയെ നിയോഗിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പങ്കുണ്ട് എന്നും ആരോപണങ്ങള്‍ വന്നു.
ഇതോടെയാണ് എം ശിവശങ്കറിനെ ഐടി സെക്രട്ടറി പദവിയില്‍ നിന്ന് കൂടി ഒഴിവാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതിന് മുന്‍പ് ശിവശങ്കറുമായി വിശദമായി മുഖ്യമന്ത്രി സംസാരിച്ചതായാണ് വാര്‍ത്തകള്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായു ഫോണില്‍ സംസാരിച്ചു.
മുഹമ്മദ് വൈ സഫിറുള്ളയാണ് പുതിയ ഐടി സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നേരത്തെ മിര്‍ മുഹമ്മദിനേയും നിയമിച്ചിരുന്നു. സ്പ്രിംഗ്‌ളറില്‍ അടക്കമുള്ള വലിയ അഴിമതി ആരോപണങ്ങളില്‍ സംരക്ഷിച്ചെങ്കിലും സ്വപ്‌ന വിഷയത്തില്‍ ശിവശങ്കറിനെ കൈവിടാതെ മുഖ്യമന്ത്രിക്ക് വേറെ വഴിയില്ലായിരുന്നു.