പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ ശിവശങ്കരനെ മാറ്റിയത് അന്വേഷണം തന്നിലേക്ക് വരുമെന്ന മുഖ്യമന്ത്രിയുടെ ഭയം മൂലമെന്നും പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സംരക്ഷിക്കാനാണ് എപ്പോഴും പിണറായി വിജയന്‍ ശ്രമിച്ചിട്ടുള്ളത്. സ്പ്രിംഗ്‌ളര്‍ കേസിലും മറ്റ് അഴിമതികളിലും പ്രതിപക്ഷം ആരോപണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പരിഹസിക്കാനാണ് പിണറായി ശ്രമിച്ചത് മറ്റുള്ളവരോട് മുഴുവന്‍ എന്നും പുഛവും പരിഹാസവുമാണ് മുഖ്യമന്ത്രിക്ക്.
ഇപ്പോള്‍ നിലയില്ലാതായപ്പോള്‍ ശിവശങ്കറിനെ മാറ്റി തടിതപ്പാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെയുള്ള പലരും കുടുങ്ങുമെന്ന് അങ്ങേക്ക് അറിയാം. രാജ്യദ്രോഹ കുറ്റങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയത്. സിബിഐ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.
ബലിയാടുകളെ തേടുകയാണ് മുഖ്യമന്ത്രി ഇപ്പോള്‍. എത്ര അഴിമതികളാണ് പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നത്. ഒന്നില്‍ പോലും അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും രാജ്യദ്രോഹത്തിനും കൂട്ടുനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.