കേന്ദ്രം പിടിമുറുക്കുന്നു

0

തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണം ശക്തമാക്കാന്‍ കേന്ദ്രനീക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ പലരിലേക്കും അന്വേഷണം എത്തിയേക്കുമെന്ന് സൂചന.

നിലവില്‍ കേസ് അന്വേഷിക്കുന്ന കസ്റ്റംസിന് പുറമെ ഡിആര്‍ഡിഒ അടക്കമുള്ള ഏജന്‍സികളും അന്വേഷണത്തില്‍ എത്തിയേക്കും. പ്രതിപക്ഷ നേതാവ് ആവശ്യപ്പെടും പോലെ സിബിഐ അന്വേഷണത്തിനും സാധ്യതയേറെയാണ്. കേന്ദ്രത്തില്‍ ബിജെപിയാണ് അധികാരത്തില്‍ ഉള്ളതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക. സംസ്ഥാന ബിജെപി നേതൃത്വം ഇക്കാര്യത്തില്‍ പിടിമുറുക്കുമ്പോള്‍ ഊരിപ്പോരാന്‍ ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടിവരും.

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കണം എന്ന് പറഞ്ഞതിന്റെ പൊരുള്‍ തേടുകയാണ് സോഷ്യല്‍ മീഡിയ. സ്വര്‍ണ്ണക്കടത്തിന് വേണ്ടിയായിരുന്നോ ഈ ആവശ്യം എന്ന രീതിയിലാണ് പ്രചാരണം.


പിണറായിയുടെ വിശ്വസ്തനും ഐടി സെക്രട്ടറിയുമായ ശിവശങ്കരന്റെ പങ്ക് സംസ്ഥാന സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി തല്‍ക്കാലം തലയൂരാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ആലോചിക്കുന്നത്. അതിനിടയിലാണ് കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം നീളുന്നു എന്ന വാര്‍ത്ത വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള പലരുടേയും നീക്കങ്ങള്‍ കേന്ദ്ര ഇന്റലിന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ ഒതുങ്ങാതെ പാര്‍ടി നേതാക്കളിലേക്കും അന്വേഷണം എത്തുമോ എന്ന ആശങ്കയിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വന്ന സരിത വിവാദം പോലെ ഈ സര്‍ക്കാരിന്റെ പരാജയത്തിനും സ്വപ്‌ന കേസ് വഴിവെക്കുമോ എന്നാണ് അറിയേണ്ടതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുന്നു. അന്ന് പിണറായി വജയന്‍ അടക്കമുള്ളവര്‍ ഉമ്മന്‍ചാണ്ടിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കും എതിരെ നടത്തിയ തരം താണ പ്രചാരവേലകള്‍ തിരിഞ്ഞു കൊത്തുന്ന സ്ഥിതിയാണിപ്പോള്‍. ഉമ്മന്‍ചാണ്ടിയുടെ അടുത്ത് നില്‍ക്കുന്ന സരിതയുടെ ചിത്രം ഒട്ടേറെ വിവാദ പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമാന മാതൃകയില്‍ പിണറായിയും സ്വപ്‌നയും തമ്മിലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്.പലതും കൃത്രിമമാകാമെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സമയമെടുക്കും.

കോവിഡ് പ്രതിഛായയില്‍ തുടര്‍ഭരണം സ്വപ്‌നം കണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരുമ്പോള്‍ സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നില കൂടുതല്‍ പരുങ്ങലിലാവും.