സ്വപ്ന സുരേഷിൻെറ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്:

0

തിരുവന്തപുരം വിമാനത്താവളത്തിലെ വൻസ്വർണ്ണക്കള്ളക്കടത്തിൻെറ
മുഖ്യസൂത്രധാര സ്വപ്ന സുരേഷിൻെറ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന്
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ
ഐ.ടി വിഭാഗത്തിലെ ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ മാനേജരാണ് സ്വപ്ന സുരേഷ്.

സ്വർണ്ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഇവർക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ-ഐ.ടി സെക്രട്ടറി ശിവശങ്കരനുമായി അടുത്ത ബന്ധമാണുള്ളത്. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന ഈ കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു. നേരത്തെ 17 സ്ത്രീകളെ ഉപയോഗിച്ച് എയർഇന്ത്യാ ഉദ്യോഗസ്ഥനതിരെ വ്യാജരേഖ ചമച്ച കേസിൽ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സ്വപ്ന സുരേഷ്  എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നതമായ ചുമതലയിലെത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.

സി.പി.സി.ആർ 422/19//യു/എസ് പ്രകാരം ഐ.പി.സി 468,469,471,34 കേസിലാണ് ഇവരെ ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി ചോദ്യം ചെയ്തത്. മുമ്പ് യു.എ.ഇ കോൺസുലേറ്റിൽ നിന്നും പുറത്താക്കിയ ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്താൻ സാധിച്ചത് ഉന്നതരുമായുള്ള ബന്ധം കൊണ്ടാണ്. ഇവരെ കുറിച്ച് സംസ്ഥാന പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് മുഖ്യമന്ത്രിക്ക് വിവരം നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി ഇത് അവഗണിക്കുകയായിരുന്നു. എല്ലാം അറിഞ്ഞിട്ടും ഇവരെ സ്വന്തം ഓഫീസിലെ ഉന്നതപദവിയിൽ നിലനിർത്തിയതെന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു പരീക്ഷയുമെഴുതാതെ എന്ത് മാനദണ്ഡം അനുസരിച്ചാണ് ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതെന്ന് വെകുന്നേരം നടത്തുന്ന വാർത്താസമ്മേളനത്തിൽ ജനങ്ങളോട് പറയണം. ജനങ്ങൾ സ്വപ്നലോകത്താണെന്ന് മുഖ്യമന്ത്രി കരുതരുതെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ഉമ്മൻചാണ്ടിയുടെ കാലത്തെ പോലെ അധോലോക-മാഫിയ ഗൂഢാലോചനകേന്ദ്രമായി പിണറായിയുടെ ഓഫീസും മാറിയെന്നതിൻെറ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.