മലയോര മേഖലയിലെ ഭൂമാഫിയയ്ക്ക് സര്‍ക്കാര്‍ ഒത്താശ

0

മലയോരമേഖലയില്‍ ഭൂമാഫിയയ്ക്കും ക്വാറിമാഫിയക്കും അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരുവനന്തപുരത്ത് നെയ്യാര്‍ഡാമില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്റെ അധീനതയിലുള്ള മരക്കുന്നം കുന്നില്‍ മഹാദേവക്ഷേത്രഭൂമിയും സമീപത്തുള്ള കുടുംബങ്ങളുടെ ഭൂമിയും കയ്യേറാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം സര്‍ക്കാര്‍ തടയണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്വര്‍ഗ്ഗീയ സത്യാനന്ദസരസ്വതി സ്വാമിയുടെ പേരില്‍ വിലയാധാരമായി വാങ്ങിയ ഭൂമിയിലാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. ഇവിടെയാണ് വികസനത്തിന്റെ മറപറ്റി ചിക്കാഗോ ഇന്റര്‍നാഷണല്‍ എന്ന കമ്പനി കേരളാ വാട്ടര്‍ അതോറിറ്റിയുടെ 400 കോടിയുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പേരില്‍ ക്ഷേത്രവും ക്ഷേത്രഭൂമിയും സമീപത്തുള്ള ഭൂമിയും കയ്യടക്കാന്‍ ശ്രമിക്കുന്നത്. മുമ്പ്  ക്ഷേത്ര ഭൂമി കയ്യേറാനെത്തിയ കമ്പനിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠകളടക്കം തകര്‍ത്തു. നാട്ടുകാരുടെ വലിയ പ്രതിഷേധമാണവിടെ ഉയര്‍ന്നത്. ഇപ്പോള്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഭൂമി കൂടി ഏറ്റെടുക്കാനാണ് നീക്കം. ഇതിനെതിരെ ഒരു യുവാവ് അത്മഹത്യാശ്രമവും നടത്തി.

വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് ഭൂമാഫിയ വ്യാപകമായി മലയോര മേഖലയില്‍ ഭൂമി കയ്യേറുകയാണ്. ഭൂമി വിട്ടുകൊടുക്കാത്തവരെയും എതിര്‍ക്കുന്നവരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു.   ജലസംഭരണി നിര്‍മ്മിക്കാന്‍ ഈ പ്രദേശത്തു തന്നെ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമിയുള്ളപ്പോഴാണ് ക്ഷേത്ര ഭൂമിയും പാവങ്ങളുടെ ഭൂമിയും വേണമെന്ന് ശഠിക്കുന്നത്. ഇതിനുപിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ട്.

വര്‍ഷങ്ങളായി ഹിന്ദു വിശ്വാസികള്‍ ആരാധന നടത്തി വരുന്ന കുന്നില്‍ മഹാദേവ ക്ഷേത്രം തകര്‍ക്കുന്നതിനുള്ള ഗൂഢനീക്കം സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുകയാണ്. ക്ഷേത്ര വിശ്വാസികളോടുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിഷേധാത്മക സമീപനമാണ് ഇതിലൂടെ പുറത്തുവരുന്നത്. പോലീസിനെ ഉപയോഗിച്ച് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ യുദ്ധപ്രഖ്യാപനം നടത്തുന്നത് നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ആ പ്രദേശത്തെ പാവങ്ങളുടെ കിടപ്പാടത്തിനു സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.