സൈനികരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതം

0

ഇന്ത്യന്‍ ജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സൈനികരുടെ ധൈര്യം മലനികളേക്കാള്‍ ഉയരത്തില്‍. സമാനതകളില്ലാത്തതാണ് അതെന്നും പ്രധാനമന്ത്രി.

ധീര സൈനികരെ നമിക്കുകയാണ്. ലഡാക്ക് ജനത രാജ്യത്തിന്റെ സ്വാഭിമാനത്തിന്റെ അടയാളമാണ്. ഗല്‍വാനില്‍ ജീവന്‍ വെടിഞ്ഞ ധീര സൈനികരെ രാജ്യം വണങ്ങുന്നു. ശത്രുക്കളുടെ കുടില തന്ത്രങ്ങളൊന്നും നമ്മുടെ സൈനികരുടെ അടുത്ത് വിജയിക്കില്ല. രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും നാം തയ്യാറാണ്.

ഇന്ത്യ ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് കുതിക്കുകയാണ്. ഇന്ത്യയുടെ ശക്തി ലോകത്തിന് അറിയാം. ഇന്ത്യ സൈനിക ശക്തി കൂട്ടുന്നത് ലോക നന്മക്ക് വേണ്ടിയാണ്. കടന്നു കയറ്റ കാലം കഴിഞ്ഞു. ഇത് വികസന കാലമാണ്. ധീരര്‍ക്ക് മാത്രമേ സമാധാനം കൊണ്ടുവരാനാകൂ.. ഭീരുക്കള്‍ക്ക് ഒരിക്കലും അതിന് കഴിയില്ല.

ലഡാക്കിലെ നിമുവില്‍ സൈനികരെ അഭിസംഭോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു പ്രധാനമന്ത്രി. സൈനികരുടെ ആത്മവീര്യം കൂട്ടാനും രാജ്യം ഒറ്റക്കെട്ടായി ഒപ്പുമുണ്ടെന്നും സൈനികരെ നരേന്ദ്ര മോദി അറിയിച്ചു.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എം എം നരവനെ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായി. കര, വ്യോമസേനകളുടേയും ഐടിബിപിയുടേയും സംയുക്ത യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.