കൊലപാതകത്തിന് തുല്യമാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ മരണമെന്ന് കുടുംബാംഗങ്ങള്‍. അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നിരുന്നു. ആത്മഹത്യ കുറിപ്പില്‍ എല്ലാം വിശദമാണ്. ഫോണ്‍ കോളുകള്‍ പരിശോധിക്കണം. മഹേശന് നീതി ലഭിക്കണം. കൃത്യമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്നലെയാണ് യൂണിയന്‍ ഓഫീസില്‍ മഹേശനം തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അദ്ദേഹം എസ്എന്‍ഡിപി ഭാരവാഹികള്‍ക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് അയച്ച കത്തും പുറത്തുവന്നു. വെള്ളാപ്പള്ളിക്ക് തന്നോട് ശത്രുതയാണ്. അതിനാല്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമമുണ്ടെന്നും കത്തുകളില്‍ പറയുന്നു.
കണിച്ചുകുളങ്ങര യൂണിയനിലെ 37 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ വെള്ളാപ്പള്ളിയോട് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ഇതും തന്നോട് ശത്രുത കൂട്ടി. തന്റെ കുടുംബം ജപ്തിയുടെ വക്കിലാണെന്നും കത്തിലുണ്ട്. മഹേശന്റെ മരണത്തിന് വെള്ളാപ്പള്ളി നടേശനാണ് ഉത്തരവാദിയെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി കുറ്റപ്പെടുത്തി. അന്വേഷണം അട്ടിമറിക്കാന്‍ സാധ്യയുണ്ടെന്നും അവര്‍ പറഞ്ഞു.