വിദേശികള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച് അമേരിക്ക. കോവിഡിന്റേയും സുരക്ഷ ശക്തമാക്കുന്നതിന്റേയും പശ്ചാത്തലത്തിലാണ് നടപടി.
എച്ച്-1 ബി, എച്ച്-4 എച്ച്-1 വിസയില്‍ എത്തുന്നവരുടെ ജീവിത പങ്കാളികള്‍ക്ക് നല്‍കുന്നത് അടക്കം വിദേശികള്‍ക്കുള്ള തൊഴില്‍ വിസ നല്‍കുന്നത് അമേരിക്ക നിര്‍ത്തിവെച്ചു. ഈ വര്‍ഷം അവസാനം വരെയാണ് തല്‍ക്കാലം നിര്‍ത്തിവെക്കുന്നത്. പുതിയ കുടിയേറ്റക്കാര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതും അമേരിക്ക മരവിപ്പിച്ചിട്ടുണ്ട്.
നിലവില്‍ വിസ ഉള്ളവരെ പുതിയ പരിഷ്‌ക്കരണം ബാധിക്കില്ല. എന്നാല്‍ ഭാവിയില്‍ വിസ നല്‍കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ വരും. എച്ച്-1 ബി വിസ സമ്പ്രദായം പരിഷ്‌ക്കരിക്കാനും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ ദിശയിലേക്ക് നീങ്ങാനും നേരത്തെ നിര്‍ദേശം വന്നിരുന്നു. ഇതിന് പിന്നാലെ ആണ് വിസ നല്‍കുന്നത് നിര്‍ത്തിവെക്കുന്നത്.
പരിഷ്‌ക്കരണം അമേരിക്കക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് ട്രംപ് ഭരണകൂടം പറയുന്നത്. അമേരിക്കന്‍ തൊഴിലാളികളുടെ വേതനം സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്നും പറയുന്നു. കുറഞ്ഞ വേതനത്തിന് പുറത്ത് നിന്ന് ആളുകള്‍ എത്തിയതോടെ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ തൊഴില്‍ നഷ്ടമായിരുന്നു.